Friday 24 September 2021

ബഗ്ദാദും കുന്നത്തേരിയും


        എതാനും ഓല മേഞ്ഞ കൂരകള്‍...  ബ്രിട്ടീഷ് കോളനി വല്‍ക്കരണം വരുത്തിവെച്ച പാരതന്ത്ര്യത്തില്‍ നിന്ന് മോചിതരാവാന്‍ കോതിക്കുന്ന ചിത്തങ്ങള്‍... സ്വാതന്ത്ര്യ സമരം അതിന്‍റെ പാരമ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയം ... ദാരിദ്ര്യത്തിന്‍റെ അടയാളങ്ങള്‍ നിഴലിച്ചു കാണുന്ന കുടുംബാന്തരീക്ഷം. ക്ഷുത്തടക്കാന്‍ പാടുപെടുന്ന ഏതാനും മനുഷ്യക്കോലങ്ങള്‍.... കുന്നുകള്‍ക്കും മലകള്‍ക്കും ഇടയിലൂടെ ഇടുങ്ങിയ വഴികള്‍.. ശബ്ദ കോലാഹലങ്ങളില്ലാത്ത മൂകത തളം കെട്ടി നില്‍ക്കുന്ന കുഗ്രാമം. സൂര്യോദയത്തിന് മുമ്പേ ഉണര്‍ന്നു കൃഷിയിടങ്ങളിലേക്ക് കലപ്പകളും തോളിലേറ്റി നടന്നു പോകുന്ന കര്‍ഷകര്‍... പ്രദോഷത്തില്‍ ചെളിപുരണ്ട കാലുകളുമായി വീട്ടിലേക്ക് നടന്നടുക്കുന്ന ഗൃഹനാഥന്മാര്‍... വാപ്പയുടെ വരവും പ്രതീക്ഷിച്ച് കോലായയില്‍ ഇമവെട്ടാതെ നോക്കിയിരിക്കുന്ന കുരുന്നുകള്‍... വൈകുന്നേരങ്ങളില്‍ അങ്ങാടിയിലെ ചായക്കടയില്‍ സൗഹൃദ ചര്‍ച്ചകളില്‍ മുഴുകുന്ന മനുഷ്യ സ്നേഹികള്‍...

തൊള്ളായിരത്തി നാല്‍പതുകളുടെ തുടക്കത്തിലെ കേരളത്തിലെ ഏതൊരു നാട്ടിന്‍പുറത്തിന്‍റെയും ചിത്രം തന്നെയായിരുന്നു എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് കുന്നത്തേരി എന്ന ഗ്രാമത്തിന്‍റെയും. കാലത്തിന്‍റെ ഒഴുക്കിനൊത്ത് ആ ഗ്രാമവും സഞ്ചരിച്ചു കൊണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കുന്നത്തേരിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരു നിയോഗം പോലെ ആ പാദങ്ങള്‍ കുന്നത്തേരിയുടെ മണ്ണില്‍ കാലുകുത്തുന്നത്. ശൈഖുനാ അബുല്‍ ഫള്ല്‍ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ഐദറൂസിയ്യ് അല്‍ഖാദിരി അല്‍ ജീലിയ്യ് അല്‍ ചിശ്തിയ്യ് അശ്ശാദുലിയ്യ് അന്നഖ്ശബന്ധിയ്യ്(ഖ.സി) എന്ന സൂര്യതേജസ്സ് ആയിരുന്നു അത്. 

അവിടെ നിന്നിങ്ങോട്ട് ആ നാടിന്‍റെ ചരിത്രം ശൈഖുനായുടെ ചരിത്രമാണ്. കുന്നത്തേരിയെ തേരിലേറ്റി തസവ്വുഫിന്‍റെ വഴിയിലൂടെ കൈപിടിച്ചു നയിച്ച് അഹദിയ്യത്തിലെത്തിച്ചത് മഹാനരായിരുന്നു. പിന്നീട് കുന്നത്തേരി അധ്യാത്മീകതയുടെ പര്യായമായി ചരിത്രത്തിലിടം പിടിച്ചു. കുന്നത്തേരിയുടെ പേരില്‍ ആരെങ്കിലും പ്രശസ്തരായിട്ടുണ്ടെങ്കില്‍ കുന്നത്തേരി തങ്ങന്മാരല്ലാതെ മറ്റാരാണുള്ളത്. വലിയ ശൈഖുനാ അല്ലാഹുവിലേക്ക് തെളിച്ചിട്ട വഴിയേ കുന്നത്തേരിയിലെത്തുന്ന പരശ്ശതം ആളുകളെ പിന്‍ഗാമികളായ മഞ്ചേരി ശൈഖുനായും ശൈഖുനാ ശിഹാബുദ്ദീന്‍ അല്‍ജീലി (റ)യും വഴിനടത്തി. ലോകചരിത്രത്തില്‍ ബഗ്ദാദ് അറിയപ്പെടുന്നത് ഗൗസുല്‍ അഅ്ളമിലൂടെയാണെങ്കില്‍ കുന്നത്തേരി ചരിത്രത്തില്‍ ഇടംപിടിച്ചത് ശൈഖ് ജീലാനിയുടെ പേരക്കുട്ടിയും തന്‍റെ ത്വരീഖത്തിന്‍റെ ഖലീഫയുമായ ശൈഖുനാ അബുല്‍ ഫള്ല്‍ അല്‍ജീലിയ്യ് (ഖു.സി)ലൂടെയാണെന്നത് ബഗ്ദാദിനെയും കുന്നത്തേരിയെയും പരസ്പരം സാമ്യപ്പെടുത്തുന്ന വലിയ അടയാളപ്പെടുത്തലാണ്. 

കവരത്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയിലൂടെ ഖുത്വുബുല്‍ അഖത്വാബ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി)യിലേക്ക് എത്തുന്ന അഹ്ലുബൈത്തിലെ ജീലി ഖബീലയിലാണ് ശൈഖുനായുടെ ജനനം. പിതൃപരമ്പര ഇങ്ങനെ: 1. സയ്യിദ് ഐദറൂസ് വലിയ്യുല്ലാഹി (ഖു.സി.) ആന്ത്രോത്ത്, 2. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (ഖു.സി.) ആന്ത്രോത്ത്, 3. സയ്യിദ് അഹ്മദ് (ഖു.സി.) ആന്ത്രോത്ത് (റ), 4. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (ഖു.സി.) ആന്ത്രോത്ത്, 5. സയ്യിദ് മുഹമ്മദ് അല്‍ ബുഖാരി (ഖു.സി.), 6.സയ്യിദ് അബ്ദുറഹ്മാന്‍ (ഖു.സി.) ആന്ത്രോത്ത്, 7. സയ്യിദ് മുഹമ്മദ് ഖാസിം (റ) കവരത്തി 8. സയ്യിദ് അബൂസ്വാലിഹ് (റ) കവരത്തി, 9. സയ്യിദ് മുഹമ്മദ് ഖാസിം അല്‍ബഗ്ദാദി (റ) 10. സയ്യിദ് മൂസ രിളാ (റ), 11. സയ്യിദ് ഫത്ഹുല്ലാഹില്‍ ബഗ്ദാദി, 12. സയ്യിദ് മുഹമ്മദ് (റ), 13. സയ്യിദ് മുഹ്യിദ്ദീന്‍ (റ), 14.  സയ്യിദ് മുഹമ്മദ് (റ), 15.  സയ്യിദ് മുഹയിദ്ദീന്‍ (റ), 16.  സയ്യിദ് അലി (റ), 17. സയ്യിദ് മുഹമ്മദ് (റ) 18.സയ്യിദ്  യഹ്യ (റ) 19. സയ്യിദ് അഹ്മദ് (റ) 20. സയ്യിദ് അബൂസ്വാലിഹ് നസ്വ്ര്‍ (റ) 21. സയ്യിദ് അബ്ദുറസ്സാഖ് (റ) 22. ഖുത്വുബുല്‍ അഖ്ത്വാബ് ശൈഖ് ജീലാനി (റ). 

ജന്മദേശമായ ആന്ത്രോത്തില്‍ നിന്ന് വിജ്ഞാന ദാഹവുമായി ശൈഖുനാ നാടുചുറ്റി. ദാഹാര്‍ത്തനായ ശൈഖുനാ തമിഴ്നാട്ടിലെ പുതക്കുടി എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന മദ്റസത്തുന്നൂരില്‍ മുഹമ്മദിയ്യയിലെത്തി അറിവിന്‍ ദാഹം തീര്‍ത്തു. ശരീഅത്തിന്‍റെ  വിവിധ വൈജ്ഞാനിക ശാഖകളില്‍ നൈപുണ്യം കൈവരിച്ചെങ്കിലും  അതിനുമപ്പുറമായിരുന്നു ശൈഖുനായുടെ നോട്ടം. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്കുള്ള വഴി തേടി അലയാന്‍ ശൈഖുനയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് തൊടുപുഴ നൈനാര്‍ പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശരീഅത്തിന്‍റെയും ഹഖീഖത്തിന്‍റെയും കരകാണാ കടലായ ശൈഖ് മുഹമ്മദുല്‍ ഖൂത്വാരി (ഖു.സി)യുടെ സവിധത്തിലേക്ക് എത്തുന്നത്. ഖൂത്വാരി ശൈഖുനയിലൂടെ കമാലിയ്യത്തിലേക്ക് എത്തിച്ചേര്‍ന്ന ശൈഖുനാ മലിന ചിത്തങ്ങളെ ചികിത്സിച്ച് നാഥനിലേക്കടുപ്പിക്കാനുളള സര്‍ട്ടിഫിക്കറ്റും നേടി മടങ്ങി. ഖാദിരിയ്യ, രിഫാഇയ്യ നഖ്ശബന്ധിയ്യ ചിശ്തിയ്യ തുടങ്ങി നിരവധി സരണികളുടെ കാവലാളായി ശൈഖുനാ തിളങ്ങി. അതുല്യമായ രചനകള്‍ ശൈഖുനയുടെ തൂലികയിലൂടെ വെളിച്ചം കണ്ടു.

കറാമത്തുകള്‍ പ്രത്യക്ഷപ്പെടല്‍ അല്ലാഹുവിന്‍റെ ഔലിയാക്കളുടെ ജീവിതത്തിലെ സ്വാഭാവിക പ്രതിഭാസമാണ്. അത്ഭുതങ്ങളുടെ എക്സിബിഷനല്ല അവരുടെ ലക്ഷ്യം. പലപ്പോഴും സാന്ദര്‍ഭികമായി സംഭവിക്കുന്നവയാണ് അവ. ആധികളും ആവലാതികളുമായി ശാന്തിനികേതനുകളായ മഹാന്മാരില്‍ അഭയം കണ്ടെത്തുന്നവര്‍ക്ക് തങ്ങളുടെ പ്രയാസങ്ങള്‍ അസാധാരണമാര്‍ഗത്തിലൂടെ പരിഹരിക്കപ്പെടുമ്പോള്‍ അനുഭവസ്ഥര്‍ക്ക് അത് അത്ഭുതങ്ങളായി തോന്നുന്നു. പക്ഷേ അപ്പോഴും  കറാമത്തുകളൊന്നും തന്നെ അവ പ്രത്യക്ഷപ്പെട്ട മഹാരഥന്മാരെ ലവലേശം സ്പര്‍ശിക്കാറില്ല. അത് പ്രചരണായുധമാക്കുകയോ അതിലൂടെ തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കാനോ അവര്‍ ശ്രമിക്കാറില്ല. കാരണം അവര്‍ അല്ലാഹുവേതര വസ്തുക്കളെത്തൊട്ടെല്ലാം അശ്രദ്ധരാണ്. കുന്നത്തേരി ശൈഖുനായുടെ ജീവിത്തിലും അനവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. അവയില്‍ ചിലത് സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി അല്‍ബാഖവി എന്ന എം.കെ ചെറിയ കോയാ തങ്ങള്‍ ആന്ത്രോത്ത് രചിച്ച ശൈഖുനായുടെ "നജാഹുല്‍ മുബീന്‍" എന്ന മൗലിദില്‍ കാണാം. 

ശൈഖുനായുടെ ബാല്യകാലം. കേവലം പന്ത്രണ്ട് വയസ്സ് പ്രായം. പിതാവിനോടൊപ്പം വടക്കാഞ്ചേരിയിലെത്തിയതായിരുന്നു ശൈഖുനാ. അവിടെ താമസിക്കുന്നതിനിടെ വീട്ടുമുറ്റത്തേക്കിറങ്ങിയ ശൈഖുനാ അപ്രതീക്ഷിതമായി ഒരു ആനയെ കണ്ടു. തന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ആനയെക്കാണുന്നത്. ഭയാനകരമായ രൂപം കണ്ട് പേടിച്ച കുട്ടി ഈ മൃഗം ചത്തുപോകട്ടെ എന്നു പറയേണ്ട താമസം ആന ആ മുറ്റത്ത് വീണു ചെരിഞ്ഞു! വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു... ജനങ്ങള്‍ തടിച്ചു കൂടി... ആനയുടെ ഉടമസ്ഥന്‍ ഓടിയെത്തി.. കുട്ടിയുടെ പിതാവിനോട് പറഞ്ഞു. "മോനോട് പൊറുക്കാന്‍ പറയണം. ഞങ്ങള്‍ക്ക് നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പറയണം". അദ്ദേഹത്തിന് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

ശൈഖുനായുടെ പ്രാര്‍ത്ഥനകള്‍ ഉടന്‍ ഉത്തരം ചെയ്യപ്പെടുന്നവയായിരുന്നു. കടുത്ത വേനലില്‍ മഴകിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ ശൈഖുനയെ സമീപിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മഴ ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച് നിമിഷങ്ങള്‍ക്കകം മഴ തിമര്‍ത്തു പെയ്യുമായിരുന്നു. 

സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും ശൈഖുനായുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു. മറ്റു സംസാരങ്ങളിലേക്ക് തിരിയാതെ തന്‍റെ ഉപദേശം സശ്രദ്ധം ശ്രവിക്കണമെന്ന് ആഹ്വാനത്തോടെ തുടങ്ങിയ ഒരു ക്ലാസ്സില്‍ നസീഹത്ത് നടക്കുമ്പോള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഒരു യുവതി സംസാരിച്ചു. അവളുടെ സംസാരം മറ്റുള്ളവര്‍ക്ക് അരോചകമാകുകയും സദസ്സ് അശ്രദ്ധമാകുകയും ചെയ്തു. ഇതു മനസ്സിലാക്കിയ ശൈഖുനാ കോപിഷഠനായി. "ഇനിയവള്‍ സംസാരിക്കേണ്ട" എന്ന് പറഞ്ഞു ശൈഖുനാ പോയി. വാക്കുകള്‍ അറംപറ്റി. ആ യുവതിയുടെ സംസാര ശേഷി നഷ്ടപ്പെട്ടു! ദുഖസാഗരത്തിലായ യുവതിയുടെ ബന്ധുക്കള്‍ ഒരാഴ്ചക്ക് ശേഷം ശൈഖുനയുടെ സവിധത്തിലെത്തി മാപ്പപേക്ഷിച്ചു. ശൈഖുനാ മാപ്പു നല്‍കിയതോടെ അവളുടെ സംസാര ശേഷി തിരിച്ചു കിട്ടി!!  

ആന്ത്രോത്ത് കാരനായ ഒരു മുരീദിനോട് അയാളുടെ മരണ ദിനവും ഖബറിടവും ശൈഖുനാ വെളിപ്പെടുത്തി. ഈ നശ്വര ജീവിതത്തില്‍ നിന്ന് അനശ്വര ലോകത്തേക്കുള്ള നിന്‍റെയാത്ര അടുത്തിരിക്കുന്നുവെന്നും ഇന്നേക്ക് മൂന്നാം നാള്‍ നീ മരിക്കുമെന്നും അയാളോട് പ്രവചിച്ചു. ശൈഖുനയില്‍ ആത്മസമര്‍പ്പണം നടത്തിയ മുരീദിന് തന്‍റെ ശൈഖിന്‍റെ വാക്കുകളില്‍ സന്ദേഹമുണ്ടായിരുന്നില്ല. അദ്ദേഹം മരണത്തിന് വേണ്ടി തയ്യാറെടുത്തു. പ്രവചനം കൃത്യമായി പുലര്‍ന്നു. മൂന്നാം നാള്‍ അദ്ദേഹം നാഥനിലേക്ക് യാത്രയായി. 

ശൈഖുനാ മംഗലാപുരത്ത് താമസിക്കുന്ന കാലം. ഒരു ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം തന്‍റെ ഒരു മുഹിബ്ബിനോട് പറഞ്ഞു "നമ്മുടെ ദ്വീപില്‍ നിന്നും ഒരു ഓടം ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട് ഈ ഹാര്‍ബറിലേക്ക് നാളെ എത്തും" . ഇതു  കേട്ട് മുഹിബ്ബ് പറഞ്ഞു. "തങ്ങളേ, അതിന് നമ്മുടെ നാട്ടില്‍ നിന്നും ഓടങ്ങളൊന്നും പുറപ്പെടാന്‍ തയ്യാറെടുക്കുന്നില്ലല്ലോ?"  അയാള്‍ കട്ടായം പറഞ്ഞു. "നമ്മുടെ വാക്കില്‍ നിനക്ക് സംശയമോ" "ഇല്ല തങ്ങളേ... " അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആന്ത്രോത്തില്‍ നിന്ന് പുറപ്പെട്ട അഗത്തിക്കാരുടെ ഒരു ഓടം പിറ്റേദിവസം മംഗലാപുരം ഹാര്‍ബറിലെത്തിച്ചേര്‍ന്നു!. ശക്തമായ കാറ്റും കോളിലും പെട്ടു അവരുടെ ചില ചരക്കുകള്‍ നഷ്ടപ്പെട്ടതായി അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു!!. 

രാത്രി സമയം.. ശൈഖുനാ തന്‍റെ മുഹിബ്ബീങ്ങളൊടൊപ്പം ഒരു മുരീദിന്‍റെ വീട്ടില്‍ ഇരിക്കുകയാണ്. ഇരുളകറ്റാന്‍ ഒരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. ഇതിനിടെ ശൈഖുനാ വീട്ടുകാരനോട് ചോദിച്ചു. "ഇതല്ലാത്ത വേറെ വിളക്ക് ഇവിടെയുണ്ടോ?" "അതെ" "എന്നാല്‍ ഇതു മാറ്റി വേഗം അതു കൊണ്ടു വരൂ.." ഔലിയാഇന്‍റെ ദീര്‍ഘദൃഷ്ടി അപ്പോള്‍ മനസ്സിലേക്ക് വരാത്ത ആ ശിഷ്യന്‍ ചോദിച്ചു. "വിളക്കിന്‍റെ ഗ്ലാസ്സ് പൊട്ടിയിട്ടില്ലല്ലോ... വെളിച്ചക്കുറവും ഇല്ല. പിന്നെ.....?" 

"പറഞ്ഞത് കേള്‍ക്കൂ..." ശൈഖുനാ പറഞ്ഞു.

എന്തോ അത്യാവശ്യകാര്യം ചെയ്യാനുണ്ടായിരുന്നത് ചെയ്തിട്ട് ഉടനെ മാറ്റാമെന്നു കരുതി അയാള്‍ മുറിയിലേക്ക് പോയി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച അയാളെ പരിഭ്രാന്തനാക്കി. ചിമ്മിനി വിളക്ക് പൊട്ടിത്തകര്‍ന്ന് ചില്ലു കഷ്ണങ്ങള്‍ ആളുകളുടെ ശരീരത്തിലേക്ക് തെറിച്ചു വീണിരിക്കുന്നു!!!.  പേടിച്ചു വിറച്ച ശിഷ്യന്‍ ശൈഖിന്‍റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. 

കുന്നത്തേരിയിലും പരിസര പ്രദേശങ്ങളിലും ശൈഖുനായുടെ കറാമത്തിന്‍റെ സ്പര്‍ശനം ഏല്‍ക്കാത്തവര്‍ അപൂര്‍വ്വം. വൈദ്യശാസ്ത്രം പരിഹാരമില്ലാതെ കൈമലര്‍ത്തിയ ഒരു രോഗി ശൈഖുനയെ കാണാനെത്തി. തന്‍റെ മുരീദുമാര്‍ക്ക് ത്വരീഖത്തിന്‍റെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി ഒരു സ്ഥലം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ തന്‍റെ രോഗ ശമനം ലക്ഷ്യം വെച്ചു അയാള്‍ കുറച്ചു സ്ഥലം നേര്‍ച്ചയാക്കി നല്‍കി. സര്‍വ്വരെയും അത്ഭുതപ്പെടുത്തി പെട്ടെന്ന് ആ മാറാ രോഗം സുഖപ്പെട്ടു. അവിടെയാണ് ഹിജ്റ 1363 (എ.ഡി 1944) ല്‍ ശൈഖുനാ മഹ്ളറത്തുല്‍ ഖാദിരിയ്യക്ക് തറ പാകിയത്. ഒന്‍പതു വര്‍ഷത്തിന് ശേഷം  ശൈഖുനാ മക്കയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തന്‍റെ ചില മുരീദുമാരോട് നിര്‍ദ്ദേശിച്ചു. "ഇവിടെ റാത്തീബുകളും മറ്റു വളീഫകളും നിര്‍വ്വഹിക്കാനായി ഈ തറക്ക് മേല്‍ ഒരു ഷെഡ് നിര്‍മ്മിക്കണം. ഇപ്പോള്‍ ഇവിടേക്ക് ഒരു ഇടുങ്ങിയ വഴികളാണെങ്കിലും പില്‍ക്കാലത്ത് വിശാലമായ റോഡുകളും വഴികളുമായിത്തീരും. കാലാന്തരേണ ജനങ്ങള്‍ ഇവിടേക്ക് ഒഴുകും. ഞാന്‍ വഫാത്തായാല്‍ എന്‍റെ ഖബ്ര്‍ ഈ സ്ഥാനത്തായിരിക്കും." ശൈഖുനാ പ്രവചിച്ചു.  

ശിഷ്യര്‍ ശൈഖുനയുടെ നിര്‍ദ്ദേശപ്രകാരം ഷെഡ് നിര്‍മ്മിച്ചു. ശൈഖുനാ റാത്തീബ് തുടങ്ങി ക്കൊടുത്തശേഷം വിശുദ്ധ ഭൂമിയിലേക്ക് യാത്രയായി. മക്കയിലും ശൈഖുനാ തന്‍റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങളുമായി സമൂഹത്തെ ഇരുലോകവിജയത്തിലേക്ക് വഴിനടത്തി. ഹജ്ജ് കഴിഞ്ഞ് മദ്യന്‍, കന്‍ആന്‍, മിസ്ര്‍, ബസറ, കൂഫ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ സിയാറത്തിന് പുറപ്പെട്ടു. തിരികെ വീണ്ടും മുത്ത് നബിയുടെ സവിധത്തില്‍ എത്തിച്ചേര്‍ന്നു. രണ്ടു മാസം വിശുദ്ധ മദീനയില്‍ താമസിച്ചു.  ശേഷം തന്‍റെ വലിയുപ്പയും ശൈഖുമായ ശൈഖ് ജീലാനിയെ സന്ദര്‍ശിക്കാന്‍ ബഗ്ദാദിലേക്ക് പുറപ്പെട്ടു. 

ഹജ്ജും സിയാറത്തും കഴിഞ്ഞ് കുന്നത്തേരിയില്‍ തിരിച്ചെത്തിയ ശൈഖുനാ മഹ്ളറത്തുല്‍ ഖാദിരിയ്യ പുന:നിര്‍മ്മിക്കുകയും തന്‍റെ ഖബര്‍ ശരീഫ് കുഴിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പതിനഞ്ച് വര്‍ഷം ശൈഖുനാ ജീവിച്ചു. അല്ലാഹുവിലേക്കുള്ള യാത്രക്ക് സമയമായപ്പോള്‍ തന്‍റെ മുരീദുമാരെ വിളിച്ചു ചേര്‍ത്തു ഏല്‍പ്പിക്കാനുളളതെല്ലാം ഏല്‍പ്പിച്ചു, പറയാനുള്ളതെല്ലാം പറഞ്ഞു ഹിജ്റ 1388 സ്വഫര്‍ മാസം 25 (1968 മെയ് 24 (?)) ശനിയാഴ്ച മഗ്രിബിന്‍റെ സമയം ശൈഖുനയുടെ ആത്മാവ് അത്യന്നത സഹചാരിയിലേക്ക് യാത്രയായി.

എം.കെ ചെറിയ കോയാ തങ്ങള്‍ (ന:മ)

ശൈഖുനാ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ജീലിയ്യ് (ഖു.സി)യുടെ മദ്ഹുകള്‍ അറബിഭാഷയില്‍ കോര്‍ത്തിണക്കിയ ചെറിയ ഒരു മൗലിദാണ് 'നജാഹുല്‍ മുബീന്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍'. ഇതിന്‍റെ രചയിതാവ് ആന്ത്രോത്ത് ദ്വീപുകാരനായ എം.കെ ചെറിയ കോയാതങ്ങളെന്ന സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരിയാണ്.  ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ശിഷ്യനായി തലക്കടത്തൂര്‍, ചാലിയം എന്നിവിങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. മര്‍ഹൂം ഇ.കെ ഹസന്‍ മുസ്ലിയാരുടെ സമകാലികനായ അദ്ദേഹത്തെ ഹസന്‍ മുസ്ലിയാര്‍ ഉള്‍പ്പെട്ട മദ്റസ നൂറുല്‍ ഇര്‍ഫാന്‍ കമ്മിറ്റി  നൂറുല്‍ ഇര്‍ഫാനിലെ മുദര്‍രിസായി നിയമിച്ചു. ലക്ഷദ്വീപിലെ അഗത്തി, കല്‍പ്പേനി എന്നിവിടങ്ങളിലും മുദര്‍രിസായി സേവനമനുഷ്ഠിച്ചു. തലശ്ശേരി പാനൂരില്‍ മുദരിസായി തുടരുന്നതിനിടയിലാണ് അദ്ദേഹം വഫാത്തായത്. പാനൂര്‍ ജുമാ മസ്ജിദന്‍റെ മുമ്പിലാണ് അദ്ദേഹത്തിന്‍റെ ഖബര്‍. അദ്ദേഹത്തിന്‍റെ ഖബ്ര്‍ അല്ലാഹു പ്രകാശിപ്പിക്കട്ടെ. ആമീന്‍.

                                                                      അബുല്‍ബിശ്ര്‍ 

മഞ്ചേരി ശൈഖുനാ

       

അല്ലാഹു പ്രത്യേകം ആദരിച്ച ആദം സന്തതികള്‍ മറ്റ് ഇതര ജീവികളെ പോലെയല്ല. അവര്‍ക്ക് ജീവിതത്തില്‍ പല ലക്ഷ്യങ്ങളുമുണ്ട്. അവയില്‍ മര്‍മ്മ പ്രധാനമായ ലക്ഷ്യം താന്‍ തന്‍റെ അസ്തിത്വം എന്താണെന്ന് അറിയുക, തന്നെ പടച്ച റബ്ബിനെ അറിയേണ്ട വിധം അറിയുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള പടയോട്ടമായിരുന്നു സര്‍വ്വ മഹാരഥന്മാരും കാഴ്ച വെച്ചത്. ഈ പരമോന്നത ലക്ഷ്യ സാധൂകരണത്തിന് സഹായകമായ ചില പ്രത്യേക മാര്‍ഗ്ഗങ്ങളും വഴികളുമുണ്ട്. ലക്ഷ്യത്തിലെത്തിയ പുണ്യാത്മാക്കളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ ഋജുപാത തെളിഞ്ഞുകാണാം. അതാണ് ത്വരീഖത്ത്. നബി (സ്വ) മുതല്‍ കണ്ണി മുറിയാതെ നിലനില്‍ക്കുന്ന സില്‍സിലയിലെ യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയോടുള്ള പിന്തുടര്‍ച്ച ഉദ്ദൃത ലക്ഷ്യപ്രാപ്തിക്കുള്ള അടിസ്ഥാന കാര്യമാണ്. എന്നാല്‍ യോഗ്യമല്ലാത്ത മാര്‍ഗ്ഗവും യോഗ്യനല്ലാത്ത മാര്‍ഗ്ഗദര്‍ശിയും അപകടമാണ്. സര്‍വ്വജ്ഞാന തുറകളിലും അഗ്രഗണ്യനായ ശൈഖുനാ ശൈഖ് മുഹ്യിദ്ദീന്‍ തങ്ങള്‍ (ഖു.സി.) പറയുന്നു: "ശറഇന്‍റെ പരിധിക്കപ്പുറം യാതൊരു ഉദ്ദേശ്യവും നമുക്കില്ല. അഥവാ തെളിഞ്ഞ ശരീഅത്താണ് ത്വരീഖത്ത്. അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസാദര്‍ശങ്ങള്‍ക്കോ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കോ എതിരായ ത്വരീഖത്ത് യഥാര്‍ത്ഥ ത്വരീഖത്തല്ല. പക്ഷേ, ത്വരീഖത്ത് ദീനില്‍ കടത്തിക്കൂട്ടിയ വൈകൃതങ്ങളാണെന്ന വാദം ത്വരീഖത്ത് എന്തെന്നറിയാത്ത ജഹാലത്തില്‍ നിന്നും ഉടലെടുത്ത ചിന്താ ശൂന്യതയാണ്. മഹാന്മാരുടെ ജീവിതം വെളിച്ചം വീശുന്ന മഹത് സന്ദേശത്തിന് ഘടകവിരുദ്ധമായ ഇത്തരം ചില വാദഗതികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളപ്പെടേണ്ടതാണ്. അല്ലാഹുവിന്‍റെ ഔലിയാഇന്‍റെ ലോകം തികച്ചും അത്ഭുതങ്ങളുടെ കലവറയാണ്. കേവല ബുദ്ധി വെച്ച് അളക്കല്‍ വിഡ്ഢിത്തമാണ്. തിരിഞ്ഞവരും തിരിയാത്തവരും ധാരാളം. വലിയ്യിനെ മനസ്സിലാക്കല്‍ അല്ലാഹുവിനെ അറിയുന്നതിലും പ്രയാസകരമാണെന്ന് പോലും ചില മഹത്തുക്കള്‍ രേഖപ്പെടുത്തി. 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന അവസ്ഥയില്‍ ബാഹ്യമായി ജനങ്ങള്‍ക്കിടയിലും ആന്തരികമായി ഇലാഹീ സ്മരണയിലുമായി അത്യുന്നതങ്ങളില്‍ ജീവിക്കുന്ന ഇത്തരം മഹത്തുക്കളെ അടുത്തറിയുമ്പോള്‍ മാത്രമേ അവരുടെ മഹത്വമെന്തെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. വിജയികള്‍ വിജയം കൈവരിച്ചത് വിജയികള്‍ക്കൊപ്പം കൂടിയാണെന്നത് യാഥാര്‍ത്ഥ്യമാണ്.

        അല്ലാഹുവിന്‍റെ ഔലിയാക്കളാകുന്ന ഇഷ്ടദാസന്മാരുടെ കണ്ണിയിലെ മുത്തുകളില്‍ ഒരു അമുല്യമുത്തായിരുന്നു ശൈഖുനാ സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍ അല്‍ ഖാദിരിയ്യ് അസ്സ്വൂഫിയ്യ് എം. മുത്തുകോയ തങ്ങള്‍ (ഖു.സി.). അവിടുത്തെ മഹനീയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുകരണീയമാണെന്നതില്‍ സന്ദേഹമില്ല. ചെറുപ്പം മുതല്‍ ദീനീവിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രഗത്ഭരില്‍ നിന്നും വേണ്ടുവോളം അറിവ് പഠിച്ചു. ആത്മീയജ്ഞാന രംഗത്ത് അതിതല്‍പരരായിരുന്ന മഹാനുഭാവന്‍റെ പിന്നീടുള്ള അന്വേഷണം ഇലാഹിലേക്ക് തന്നെ വഴിനടത്തുന്ന യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയിലേക്കായിരുന്നു. ആ തീക്ഷ്ണാന്വേഷണം ഏറെ നാള്‍ നീണ്ടുനിന്നുവെങ്കിലും ഒടുവില്‍ യാദൃശ്ചികമായി തന്‍റെ കരങ്ങളില്‍ എത്തിച്ചേര്‍ന്ന തൗഹീദ് മാല ഒരു നോക്ക് വായിച്ചപ്പോള്‍ അത്ഭുതം! ആശ്ചര്യം!! കാലങ്ങളായി തന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു അമൂല്യ കൃതി! ഇത് മഹാനുഭാവനെ ആത്മീയജ്ഞാനത്തിന്‍റെ പ്രകാശ ഗോപുരമായ ശൈഖുനാ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) അവര്‍കളുടെ മഹനീയ സമക്ഷത്തിലേക്ക് അണയാനും അവിടുന്നിന്‍റെ ശിഷ്യത്വം സ്വീകരിക്കാനും ഒരു നിമിത്തമായി. തന്‍റെ ഗുരുവില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ട് പിന്നീടുള്ള ജൈത്രയാത്ര അസൂയാവഹമായിരുന്നു.

        ദീനി സേവന രംഗത്ത് അതുല്യസേവനങ്ങള്‍ കാഴ്ച വെക്കുന്ന തന്‍റെ വന്ദ്യരായ ഗുരുവിനെ ആവും വിധം സഹായിച്ചു. അവിടുന്നിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ഭാഗമായി രാപകലുകള്‍ ഉറക്കം ഒഴിച്ചും മറ്റും മഹത്തായ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജിന് എല്ലാ നിലക്കും വേണ്ട സഹായ സഹകരണങ്ങള്‍ അകമഴിഞ്ഞു ചെയ്തു. അവിടുന്നിന്‍റെ നിഷ്കാമ സേവനമായിരുന്നു മറ്റ് പലരേയും ഇത്തരം കാര്യങ്ങളിലേക്ക് പ്രേരിപ്പിച്ചത്. അതുവഴി തന്‍റെ ആത്മീയ ഗുരുവിന്‍റെ ഗുരുത്വവും പൊരുത്തവും നേടിയെടുത്തു. മാത്രമല്ല, ആയിരക്കണക്കിന് ശിഷ്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കാനും ഇത് സഹായകമായി. തന്‍റെ ശൈഖില്‍ നിന്നും ഖാദിരിയ്യ, രിഫാഇയ്യ, ചിശ്ത്തിയ്യ, നഖ്ശബന്തിയ്യ തുടങ്ങിയ ഇലാഹീ സരണികള്‍ സ്വീകരിക്കുകയും തന്‍റെ വന്ദ്യരായ ഗുരുവിന്‍റെ വഫാത്തിന് ശേഷം പ്രധാന ഖലീഫയാവുകയും മാര്‍ഗ്ഗദര്‍ശനം നടത്തുകയും ചെയ്തു. ഇരുള്‍ മുറ്റിയ ഹൃദയങ്ങളിലേക്ക് മഅ്രിഫത്തിന്‍റെ വെള്ളിവെളിച്ചം വീശുകയും അതിലൂടെ അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുന്ന നിരവധി ശിഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ മഹനീയ ജീവിതത്തിന് സാധിച്ചുവെന്നത് സ്മരണീയമാണ്. 

        മലപ്പുറം ജില്ലയില്‍ മഞ്ചേരി, മുള്ളമ്പാറ, വാക്കേത്തൊടിയില്‍ ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫൈളുല്‍ ഹാഫിള് ഹിഫ്ളുല്‍ ഖുര്‍ആന്‍ & ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ് മഹാനുഭാവന്‍റെ രൂപ കല്‍പനയായിരുന്നു. മഹാനായ ശൈഖ് മുഹ്യിദ്ദീന്‍ (ഖു.സി.) അവര്‍കളുടെ അന്തരാളങ്ങളില്‍ നിന്ന് ഉദിച്ച അമൂല്യ വിജ്ഞാന ശേഖരമായ "അല്‍ഫത്ഹുര്‍റബ്ബാനി" യുടെ പരിഭാഷ ഇലാഹീ ജ്ഞാന ദാഹികള്‍ക്ക് അവിടുന്നിന്‍റെ വിലമതിക്കാനാവാത്ത സംഭാവനയാണ്. തന്‍റെ ശൈഖിന്‍റെ ശിഷ്യരില്‍ പ്രഗത്ഭരും സമസ്തയുടെ സ്ഥാപക നേതാക്കളില്‍ ഉന്നതരുമായ മഹാനായ മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്ലിയാര്‍ (മ.ള്വി) ഈ കൃതിയുടെ അവതാരികയില്‍ എഴുതിയത് ഒരു വേള അറിഞ്ഞിരിക്കല്‍ പലര്‍ക്കും ഉപകാരപ്രദമായിരിക്കും. " ഇത്തരം മാതൃകാപരമായ വീര്യപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ക്ക് ഇനിയും തൗഫീഖ് നല്‍കട്ടെ! ആമീന്‍ എന്ന ദുആയോടെ ഈ ഗ്രന്ഥം കാലഘട്ടത്തിന്‍റെ ഒരാവശ്യം കൂടിയാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു". ത്വരീഖത്ത്, ശൈഖ്, ബൈഅത്ത് എന്ത്? എന്തിന്? എന്ന് തുടങ്ങിയ വിഷയങ്ങള്‍ മുഖവുരയില്‍ പ്രമാണബദ്ധിതമായി സമര്‍ത്ഥിക്കുന്നു. സ്വീകാര്യതയുടെ കണ്ണ് കൊണ്ട് വായിക്കുന്നവര്‍ക്ക് ഏറെ പഠനാര്‍ഹമാണ് ഈ കൃതി. 

    ഹിദായത്തുസ്സാലിക്കീന്‍, ബുഖാരി മാല തുടങ്ങിയവ മഹാനുഭാവന്‍റെ തൂലികകളാണ്. ബഹുഭാഷാ നൈപുണ്യം നേടിയ ശൈഖുനാ ഒരു പ്രഗത്ഭ വാഗ്മിയായിരുന്നു. അവിടുന്നിന്‍റെ ആത്മീയ പ്രഭാഷണങ്ങളില്‍ ചിലത് ഇന്നും സൂക്ഷിച്ചുവരുന്നു. അവിടുന്നിന്‍റെ ജീവിതം തികച്ചും മാതൃകാപരമായിരുന്നു. തിരുസുന്നത്തിനെതിരെ വല്ലതും കണ്ടാല്‍ ആര് ചെയ്തു എന്ന് നോക്കാതെ മഹാനുഭാവന്‍ പ്രതികരിക്കുമായിരുന്നു. തല മറക്കാതെ നിസ്കരിച്ച ഒരാളെ ശാസിച്ചതിനും ഉപദേശിച്ചതിനും ഈ എളിയവന്‍ സാക്ഷിയാണ്.

    തിരുസുന്നത്തുകളെ ജീവിപ്പിക്കുന്നതില്‍ ശൈഖുനാ അതീവശ്രദ്ധ പാലിച്ചിരുന്നു. അവിടുന്ന് താമസിച്ചിരുന്ന കുറ്റിച്ചിറ സ്വൂഫി മന്‍സിലില്‍ എല്ലാ റബീഉല്‍ അവ്വല്‍ 12 നും അതിവിപുലമായി നടന്നുവന്നിരുന്ന മൗലിദ് സദസ്സ് പരിസര പ്രദേശങ്ങളിലുള്ള മുബ്തദിഉകളെ നീരസപ്പെടുത്തിയിരുന്നു. ഇസ്തിഖാമത്തായിരുന്നു അവിടുത്തെ ഏറ്റവും വലിയ കറാമത്ത്. എണ്ണമറ്റ അനുഭവങ്ങള്‍, കറാമത്തുകള്‍ നേരില്‍ കണ്ടവര്‍ നിരവധിയാണ്. സുന്ദരമായി പ്രവര്‍ത്തിച്ചു പോരുന്ന മഞ്ചേരി ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ് അവിടുന്നിന്‍റെ ഇന്നും ജീവിക്കുന്ന കറാമത്താണ്. 

        എ.ഡി. 1931 ആന്ത്രോത്ത് ദ്വീപില്‍ ജനിച്ച മഹാനുഭാവന്‍ ഹിജ്റ 1418 റബീഉല്‍ അവ്വല്‍ 9 തിളങ്കാഴ്ച രാത്രി 1 മണി സമയത്ത് വഫാത്തായി. മഹാനുഭാവന്‍റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി വാക്കേത്തൊടി 'മഹ്ളറത്തുല്‍ ഖാദിരിയ്യ വര്‍രിഫാഇയ്യ' എന്ന പുണ്യസ്ഥാപനത്തിന്‍റെ ചാരത്ത് മറമാടപ്പെടുകയും ചെയ്തു. പല ആഗ്രഹ സഫലീകരണത്തിനും മറ്റും ഈ മഖാമിലേക്കും സ്ഥാപനത്തിലേക്കും നേര്‍ച്ച വെച്ചു കൊണ്ട് കാര്യം സാധിച്ച അനുഭവസ്ഥരുടെ വിവരണം ജീവിതകാലത്ത് മഹാനുഭാവനെ അറിയാതെ പോയ പലരെയും ചിന്തിപ്പിക്കുന്ന വസ്തുതയാണ്. അവിടുത്തെ അനുഗ്രഹം കൊണ്ട് നമ്മുടെ ആഗ്രഹങ്ങളെല്ലാം അല്ലാഹു സഫലീകൃതമാക്കട്ടെ.. ആമീന്‍. 

    അവിടുന്ന് അന്തിയുറങ്ങുന്ന പുണ്യസ്ഥാപനത്തില്‍ റബീഉല്‍ അവ്വല്‍ 7,8,9,10 തീയതികളില്‍ വര്‍ഷം തോറും തഅ്ലീം, ഖുര്‍ആന്‍ പാരായണം, മതപ്രഭാഷണം, മൗലിദ് സദസ്സ് അന്നദാനം  തുടങ്ങിയ വിപുലമായ പരിപാടികളോട് കൂടി ആണ്ട്നേര്‍ച്ച നടത്തപ്പെടുമ്പോള്‍ പരിസര പ്രദേശങ്ങളില്‍ നിന്നും വിദൂരസ്ഥലങ്ങളില്‍ നിന്നും ബറക്കത്ത് ഉദ്ദേശിച്ച് എത്തുന്ന നല്ലവരില്‍ ഒരാളാവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍. 

                                -സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി, അഹ്സനി ആന്ത്രോത്ത്-

മഹിതമദീന

 മഹിതമദീന
 മദീന. സത്യവിശ്വാസിയെ രോമാഞ്ചപുളകിതമാക്കുന്ന സുന്ദര നാമം. ഭൂമിയുടെ കേന്ദ്രബിന്ദുവായ മക്കയില്‍ നിന്നും 450 കി.മീറ്റര്‍ വടക്കാണ് മദീനയുടെ സ്ഥാനം. ഫസാദ് (നാശം) എന്നര്‍ത്ഥം വരുന്ന 'യസ്രിബ്' എന്ന് മുമ്പ് നാമകരണം ചെയ്യപ്പെട്ടിരുന്ന ആ നാടിന് ലോകഗുരു മുഹമ്മദ് നബി (സ്വ) യുടെ പ്രസിദ്ധമായ ഹിജ്റയെ തുടര്‍ന്നാണ് 'മദീന' എന്ന പേര് ലഭിച്ചത്. നബിയുടെ നഗരം (മദീനത്തുന്നബി) എന്ന പ്രയോഗമാണ് അതിന്നാധാരം. 

        ത്വാബ, ത്വൈബ, ദാറ് എന്നിങ്ങനെ മദീനയ്ക്ക് പേരുകളുണ്ട്. "നിശ്ചയം മദീനക്ക് അല്ലാഹു ത്വാബ എന്ന പേരിട്ടിരിക്കുന്നു" എന്ന് നബി (സ്വ) പറഞ്ഞതായി സ്വഹീഹ് മുസ്ലിമിലുണ്ട്. നബി (സ്വ) യുടെ ആഗമനത്തെ തുടര്‍ന്ന് മദീന ബഹുദൈവ വിശ്വാസത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തമായതിനാലാണ് ത്വാബ, ത്വൈബ എന്നീ പേരുകള്‍ ലഭിച്ചത്. എല്ലാ വിധ നിര്‍ഭയത്വവുമുള്ള ഭവനമായതു കൊണ്ടാണ് ദാറ് (വീട്) എന്ന് നാമകരണം ചെയ്യപ്പെട്ടത്. 

    ഏകദൈവ സിദ്ധാന്തം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ മാത്രം ശത്രുക്കളായി മാറിയ സ്വന്തം ദേശക്കാര്‍ ക്രൂര പീഢനമഴിച്ചു വിട്ടപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശ പ്രകാരം മക്കയില്‍ നിന്ന് മുഹമ്മദ് നബി (സ്വ) യും സത്യവിശ്വാസികളും പലായനം ചെയ്തത് മദീനയിലേക്കായിരുന്നു. പലായനം ചെയ്തെത്തിയ നബി (സ്വ)യെയും സ്വഹാബത്തിനെയും ഊഷ്മളമായി സ്വീകരിക്കുകയും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം പകുത്തു നല്‍കുകയും ചെയ്ത മദീനക്കാര്‍ 'അന്‍സ്വാറുകള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. പില്‍ക്കാലത്ത് ഇസ്ലാമിക ലോകത്തിന്‍റെ തലസ്ഥാനം മദീനയായിരുന്നു. ആദ്യകാല ഖലീഫമാര്‍ ഖിലാഫത്തിന്‍റെ ആസ്ഥാനമാക്കിയിരുന്നതും മദീന തന്നെ. 

    മുത്തുനബി (സ്വ) യെ സ്വീകരിച്ച നാട് എന്നതിലുപരി അവിടുത്തെ ഭൗതിക ജീവിതത്തിന് ശേഷം ആത്മീയ ലോകത്ത് നിലകൊള്ളുന്ന നാട് എന്ന നിലയില്‍ മദീനയുടെ മഹത്വം വളരെ ഉന്നതമാണ്. ഒരാള്‍ സൃഷ്ടിക്കപ്പെട്ടത് ഏതൊരു മണ്ണില്‍ നിന്നാണോ അതേ മണ്ണില്‍ തന്നെയാണ് അയാള്‍ മറവ് ചെയ്യപ്പെടുക എന്ന് ഒരു ഹദീസിലുണ്ട്. ഈ ആശയം മര്‍ഫൂആയും മൗഖൂഫായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തില്‍ മാലികീ മദ്ഹബില്‍ പെട്ട പ്രമുഖ പണ്ഡിതന്‍ പറയുന്ന പ്രമാണം ഇബനു ഹജര്‍ (റ) ഉദ്ധരിക്കുന്നു: "നബി (സ്വ) സൃഷ്ടിക്കപ്പെട്ടത് മദീനയിലെ മണ്ണ് കൊണ്ടാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠര്‍ നബി (സ്വ) യാണല്ലോ? അതിനാല്‍ മണ്ണുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് മദീനയിലെ മണ്ണായി. (ഫത്ഹുല്‍ ബാരി 20/387).

        പരിശുദ്ധ മദീനയുടെ പുണ്യം വിളിച്ചോതുന്ന നിരവധി ഹദീസുകള്‍ കാണാം. നബി (സ്വ) പറയുന്നു: "എല്ലാ രാജ്യങ്ങളെയും അതിജയിക്കുന്ന ഒരു നാട്ടിലേക്ക് ഹിജ്റ പോവാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ യസ്രിബ് എന്നാണ് അതിനെ വിളിക്കുന്നത്. അത് മദീനയാണ്. ഉല ഇരുമ്പിന്‍റെ അഴുക്കിനെ ശുദ്ധിയാക്കുന്നത് പോലെ മദീന ജനങ്ങളെ ശുദ്ധിയാക്കും" (ബുഖാരി).

        ഈ ഹദീസുദ്ധരിച്ചു കൊണ്ട് അബു അബ്ദില്ലാഹി ബ്നു അബീ സ്വബ്റ (റ) പറയുന്നു: മക്കയേക്കാള്‍ ശ്രേഷ്ഠമാണ് മദീന എന്ന് പറയുന്നവര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നു. കാരണം മക്കയെയും മറ്റു നാടുകളെയുമെല്ലാം ഇസ്ലാമിലേക്ക് പ്രവേശിപ്പിച്ചത് മദീനയാണ്. അതിനാല്‍ മക്കയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും മദീനക്കാരുടെ ഏടുകളിലായി. (ശര്‍ഹു ഇബ്നുബത്വാല്‍ 8/138).

    "അല്ലാഹുവേ, നിന്‍റെ മാര്‍ഗ്ഗത്തിലായി എനിക്ക് രക്തസാക്ഷിത്വം നല്‍കുകയും എന്‍റെ മരണം നിന്‍റെ റസൂലിന്‍റെ നാട്ടില്‍ വെച്ചാക്കുകയും ചെയ്യേണമേ" എന്ന് ഉമര്‍ (റ) ദുആ ചെയ്തിരുന്നതായി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. മദീനയേക്കാള്‍ ശ്രേഷ്ഠമായ ഒരു നാടുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞിരുന്നെങ്കില്‍ തന്‍റെ മരണവും ഖബ്റും അവിടെ വെച്ചാകാന്‍ അദ്ദേഹം ദുആ ചെയ്യുമായിരുന്നു. (ശര്‍ഹു ഇബ്നി ബത്വാല്‍ 8/159).

        മക്കാ വിജയത്തിന് ശേഷമുള്ള ജീവിതത്തിനായി നബി (സ്വ) മദീനയെ തെരെഞ്ഞെടുത്തതിന് കാരണം മദീന മറ്റു നാടുകളേക്കാള്‍ ഏറ്റവും പവിത്രമായത് കൊണ്ട് തന്നെയാണ്. മദീനയില്‍ തന്നെ താമസിക്കണമെന്ന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായിരുന്നെങ്കില്‍ ഏറ്റവും ശ്രേഷ്ഠമായതിനെയല്ലാതെ തന്‍റെ ഹബീബിന് വേണ്ടി അവന്‍ തെരെഞ്ഞെടുക്കുമോ? സ്വന്തം ഇഷ്ടാനുസരണം നബി (സ്വ) യാണ് മദീനയെ തെരെഞ്ഞെടുത്തതെങ്കില്‍ തനിക്കും തനിക്ക് വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച സ്വഹാബത്തിനും വേണ്ടി ഏറ്റവും ശ്രേഷ്മായതിനെയല്ലാതെ അവിടുന്ന് തെരെഞ്ഞെടുക്കുമോ? ഇല്ലേ ഇല്ല. (അല്‍ മുന്‍തഖാ ശറഹുല്‍ മുവത്വ 4/272).

        നബി (സ്വ) പറയുന്നു: സര്‍പ്പം അതിന്‍റെ മാളത്തില്‍ അഭയം പ്രാപിക്കുന്നത് പോലെ നിശ്ചയം ഈമാന്‍ മദീനയില്‍ അഭയം പ്രാപിക്കും". ഇത് മദീനയുടെ മാത്രം പ്രത്യേകതയാണ്. ശരിയായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിവേരുകള്‍ പിഴുതെടുക്കപ്പെടുന്ന കാലഘട്ടം വന്നെത്തിയാല്‍ മദീനയില്‍ ഇസ്ലാം പ്രകടമായിക്കൊണ്ടിരിക്കും. കാലമെത്ര കഴിഞ്ഞാലും ലോകം എത്ര പുരോഗമിച്ചാലും സമ്പദ് സമൃദ്ധമായ ജീവിതം കൊണ്ട് വിശ്വാസി എത്രമാത്രം മുന്നോട്ട് ഗമിച്ചാലും അടിസ്ഥാന ആദര്‍ശത്തിന്‍റെ അടിത്തറയുള്ള ഏതൊരു വിശ്വാസിയുടെയും വിചാരങ്ങള്‍ മദീനയെ ലക്ഷ്യമാക്കി സഞ്ചരിച്ചു കൊണ്ടേയിരിക്കും. അവിടെ മാത്രമേ അവന് ശരിയായ അഭയം ലഭിക്കുകയുള്ളൂ. മാളത്തില്‍ നിന്നും പുറത്തിറങ്ങിയ സര്‍പ്പത്തിന്‍റെ അവസ്ഥ യഥാര്‍ത്ഥ വിശ്വാസിക്ക് നേരിടുമെന്ന് സാരം. 

        നബി (സ്വ) പറയുന്നു: "മദീനയുടെ കവാടങ്ങളില്‍ മലക്കുകളുണ്ട്. പ്ലേഗ് രോഗവും ദജ്ജാലും അവിടെ പ്രവേശിക്കുകയില്ല" (ബുഖാരി).

        മക്കയില്‍ നിന്ന് മദീനയിലെത്തിയ നബി (സ്വ) അവിടെ വെച്ച് ദുആ ചെയ്തു: "അല്ലാഹുവേ! മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം പോലെ അല്ലെങ്കില്‍ അതിനേക്കാളുപരി മദീനയോട് ഞങ്ങള്‍ക്ക് സ്നേഹം നല്‍കേണമേ! അതിനെ നീ നിന്നാക്കുകയും അവിടുത്തെ സ്വാഇലും മുദ്ദിലും (അളവ് പാത്രങ്ങള്‍) നീ ബറക്കത്ത് ചെയ്യുകയും അവിടെയുള്ള പനിയെ ജുഹ്ഫയിലേക്ക് നീക്കുകയും ചെയ്യേണമേ".

        നബി (സ്വ) പറയുന്നു: "മദീനയിലെ പൊടി വെള്ളപ്പാണ്ട് രോഗത്തിന് ശമനമാണ്". ഇബനു ഉമര്‍ (റ) ഉദ്ധരിക്കുന്നു: തബൂക്കില്‍ നിന്നും മടങ്ങിയെത്തിയ നബി (സ്വ) യെയും സ്വഹാബത്തിനെയും സ്വീകരിക്കാനായി വൃദ്ധരും കുട്ടികളും ധൃതി കൂട്ടിയപ്പോള്‍ ഉയര്‍ന്നു പൊന്തിയ പൊടി പടലങ്ങള്‍ക്കിടയില്‍ ചില സ്വഹാബികള്‍ മൂക്ക് പൊത്തി. പെട്ടെന്ന് കൈ നീട്ടി ആ മുഖാവരണം നീക്കിയ നബി (സ്വ) ചോദിച്ചു: മദീനയിലെ ഈത്തപ്പഴം (അജ്വ) വിഷത്തില്‍ നിന്നും പൊടി കുഷ്ഠത്തില്‍ നിന്നും ശമനമാണെന്ന് നിങ്ങള്‍ക്കറിയില്ലേ!"

മദീനയുടെ മഹത്വം ശരിയായി ഉള്‍ക്കൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍. 

                                                       - സി.എം.എ. റഹീം ഇര്‍ഫാനി, വെറ്റിലപ്പാറ -


പുണ്യവസന്തം..


        മുസ്ലിം ജനഹൃദയങ്ങളില്‍ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരായിരം പൂമൊട്ടുകള്‍ വിരിയിച്ചു കൊണ്ട് ഒരിക്കല്‍ കൂടി പുണ്യവസന്തം വന്നണയുകയാണ്. റബീഉല്‍ അവ്വല്‍. ഒരു വിശ്വാസി അവനറിയാതെ തന്നെ ആ മാസത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ശക്തമായ തെളിവുകളോ പ്രമാണങ്ങളോ ഒന്നും ഈ വിഷയത്തില്‍ അവന് ആവശ്യമില്ല. റബീഉല്‍ അവ്വലിന് ചെറുതോ വലുതോ ആയ സ്ഥാനം കല്‍പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ആയത്തുകളോ, നബിവചനങ്ങളോ അവന്‍ അന്വേഷിക്കുന്നില്ല. അതിന് താല്‍പര്യവുമില്ല. മറ്റൊരു മാസത്തിലും പ്രകടിപ്പിക്കാത്ത ഉന്മേഷവും ഉണര്‍വ്വും റബീഉല്‍ അവ്വലാകുമ്പോള്‍ ഒരു വിശ്വാസി ഉണ്ടാകുന്നു.

        ഏതാനും മാസങ്ങളായി അവന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വിശ്വാസത്തിന്‍റെ കതിര്‍കുലകള്‍ അവനറിയാതെ പൊട്ടിവിടരുകയാണ്. എത്ര അടക്കിവെച്ചാലും അതിന്‍റെ പ്രതിഫലനങ്ങള്‍ വാനിലേക്കുയരുകയാണ്. അതെ! തന്‍റെ വിശ്വാസത്തെ തേച്ചുമിനുക്കി പതിന്മടങ്ങു ശക്തിയായി ഹൃദയത്തിലേറ്റു വാങ്ങുകയാണ്. 

        പരിശുദ്ധ റമളാന്‍ മാസം ഇലാഹീ സമര്‍പ്പണത്തിന്‍റെ മാസമാണ്. ഒരുപാട് മഹത്വവും സ്ഥാനവും ആ മാസത്തിന് ലഭിച്ചതിന് കാരണം വിശുദ്ധ ഖുര്‍ആന്‍റെ അവതരണമാണ്. സല്‍കര്‍മ്മങ്ങളിലൂടെ സഞ്ചരിച്ച് സര്‍വ്വവും സര്‍വ്വശക്തനില്‍ സമര്‍പ്പിച്ച് ഇലാഹിലേക്ക് അടുക്കാന്‍ റമളാന്‍ കാരണമാണെങ്കില്‍ ഒരു കൃത്യമായ ഇടവേളക്ക് ശേഷമാണ് പ്രവാചക ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വലിന്‍റെ ആഗമനം. ആറുമാസങ്ങള്‍. അതെ.. ഒരാള്‍ അല്ലാഹുവിനെ കുറിച്ചും അവന്‍റെ ആസ്തിക്യത്തെ സംബന്ധിച്ചും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു കൊണ്ട് മാത്രം ഇസ്ലാമിക ശരീഅത്തില്‍ പ്രവേശിക്കുകയില്ല. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും അവന്‍ സമ്മതിക്കണം.

        പ്രത്യേകമായ സംഭവങ്ങള്‍ നടന്ന ദിവസത്തെയും മാസത്തെയും മുസ്ലിംകള്‍ ആദരിക്കുന്നു. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠവും അതാണ്. മനുഷ്യന്‍ അജ്ഞതയിലും അന്ധകാരത്തിലും അകപ്പെട്ട് മൃഗതുല്യരായി ജീവിക്കുകയായിരുന്നു ആറാം നൂറ്റാണ്ടില്‍- ആ കാലത്തെ പറ്റി ചരിത്രകാരന്മാര്‍ പോലും പറയുന്നത് 'ഇരുണ്ട കാലം' (ഡാര്‍ക് ഏജ്) എന്നാണ് -മദ്യത്തിന്‍റെയും മദിരാക്ഷിയുടെയും മായാവലയത്തില്‍ പെട്ട് മനുഷ്യന്‍ മൃഗതുല്യനായി ജീവിക്കുന്ന മദ്ധ്യേ, പ്രവാചകന്‍ ഉദയം കൊള്ളുന്നു. ഭരണകര്‍ത്താവും രാഷ്ട്രതന്ത്രജ്ഞനുമായി മാറുന്നു. സത്യമാനും നീതിമാനുമാകുന്നു. സര്‍വ്വ ജനതയുടെയും പ്രശംസക്ക് വിധേയനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. 

    മുഹമ്മദ് നബി (സ്വ) തങ്ങള്‍ ഈ ലോകത്ത് ഉദയം ചെയ്തില്ലായിരുന്നെങ്കില്‍ ഇവിടെ ഒരു വസ്തുവിനെയും സൃഷ്ടിക്കുകയില്ലായിരുന്നു.ആ ഹബീബ് ജനിച്ച മാസത്തെ ഒരു വിശ്വാസി ബഹുമാനത്തോടെയേ കാണൂ. റമളാന്‍ ശരീഫിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുകയും റബീഇലൂടെ റസൂലുല്ലാഹിയിലുള്ള വിശ്വാസം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല. "ഒരുവന്‍ തന്‍റെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റു സര്‍വ്വത്തേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളും സത്യവിശ്വാസിയാകുകയില്ല" എന്ന് മുഹമ്മദ് നബി (സ്വ) പറയുന്നു. അല്ലാഹു പറയുന്നു:  "നബിയേ, തങ്ങള്‍ പറയുക. നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്". വീണ്ടും അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്". 

    നാം മറ്റൊരാളേക്കാളും പിന്‍പറ്റേണ്ടതും മാതൃകയാക്കേണ്ടതും അല്ലാഹുവിന്‍റെ ഹബീബിനെയാണ്. ഒരാളെ മാതൃകയാക്കാന്‍ എന്തെല്ലാം സല്‍ഗുണങ്ങള്‍ അയാളില്‍ ആവശ്യമുണ്ടോ അവയെല്ലാം മുത്ത് നബിയിലുണ്ട്. മാതൃക ആക്കപ്പെടേണ്ട വ്യക്തിയെ അറിയേണ്ടതും ആവശ്യമാണ്. എങ്കില്‍ മാത്രമേ ആ വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. ആ വ്യക്തിയെ ഉള്ളറിഞ്ഞ് സ്നേഹിക്കാന്‍ കഴിയൂ. മുഹമ്മദ് നബി (സ്വ) എന്ന പരമോന്നത വ്യക്തിയെയാണ്, വ്യക്തിത്വത്തെയാണ് സ്നേഹിക്കാനുള്ള കല്‍പന. സ്നേഹിക്കുക എന്നാല്‍ സ്നേഹിതന് വേണ്ടി എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയെയാണ് നബി (സ്വ) തങ്ങള്‍ പഠിപ്പിച്ചത്. നബി (സ്വ) യെ സ്നേഹിക്കുകയെന്നാല്‍ സ്നേഹിക്കുക എന്ന് തന്നെയാണ് സാരം. അനുസരിക്കുക എന്നല്ല. അനുസരണ സ്നേഹത്തിന്‍റെ ഫലമായും ഭയത്തിന്‍റെ ഫലമായും ഉണ്ടാകും. എന്നാല്‍ സ്നേഹത്തിന്‍റെ ഫലമായുണ്ടാകുന്ന അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ്വ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ്വ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് നമുക്കയാളെ സ്നേഹത്തോടെ അനുസരിക്കാന്‍ കഴിയുന്നത്. അനുസരണമാകട്ടെ വിശ്വസിക്കാതെയും ഉണ്ടാകാവുന്നതാണ്. ഒരാള്‍ തന്‍റെ വകുപ്പ് മേധാവിയുടെ കല്‍പന അനുസരിക്കുന്നത് അയാളോടുള്ള വിശ്വാസം കൊണ്ടാകണമെന്നില്ല. ഭയം കൊണ്ടും വെറുപ്പോടെയുമാകാം. ഇസ്ലാമിക സംസ്കാരം നബി (സ്വ) തങ്ങളെ അനുകരിക്കലാണ്. 

    കേരളീയ കവി ഉമര്‍ ഖാസി (റ) റൗളക്ക് മുമ്പില്‍ വെച്ച് പാടിയ ശ്രവണ സുന്ദരമായ സ്നേഹകാവ്യം റൗളയുടെ കവാടം തള്ളിത്തുറന്ന സംഭവം പ്രസിദ്ധമാണ്. പ്രവാചക സ്നേഹത്തിന്‍റെ ശക്തിയാണത്. പൂര്‍വ്വീകരായ മഹത്തുക്കള്‍ പ്രവാചക സ്നേഹത്തിന്‍റെ ആഴിയില്‍ മുങ്ങിയവരായിരുന്നു. ആ സ്നേഹസ്പര്‍ശനത്തിന് മുന്നില്‍ എല്ലാം അപ്രസക്തമാകുമായിരുന്നു. 

    യമന്‍ എന്ന രാജ്യം പ്രവാചക സ്നേഹികളുടെ പറുദീസയാണ്. പൂര്‍വ്വകാലത്ത് തന്നെ ഇസ്ലാമിന്‍റെ നറുനിലാവുദിച്ച നാട്. ഇസ്ലാമിക സംസ്കാരത്തിന്‍റെയും ചൈതന്യത്തിന്‍റെയും മടിത്തട്ടില്‍. അവിടെ 'ഖറന്‍' ദേശത്ത് താമസിക്കുന്ന 'ഉവൈസ്' പ്രവാചക സ്നേഹത്തില്‍ ആഴ്ന്നിറങ്ങിയ മഹാനാണ്. മദീനയില്‍ നിന്ന് ഏറെ അകലെയല്ലാത്ത യമനില്‍ നിന്ന് തിരുനബി (സ്വ) യുടെ സവിധത്തില്‍ എത്തിച്ചേരാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരിക്കല്‍ നബി (സ്വ) ഉമറി (റ) നെ വിളിച്ചിട്ട് പറഞ്ഞു: "ഉമര്‍! യമനിലെ 'ഖറന്‍' എന്ന ദേശത്ത് 'ഉവൈസ്' എന്ന ഒരു മനീഷിയുണ്ട്. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നാണയത്തിന്‍റെ വട്ടത്തില്‍ ഒരു കലയുണ്ട്. വൃദ്ധയായ മാതാവിനെ പരിചരിച്ചു കഴിയുന്ന അദ്ദേഹത്തിന്‍റെ ശിപാര്‍ശ കാരണമായി 'റബീഅ്', 'മുളര്‍' ഗോത്രക്കാരുടെ ആടുകളുടെ രോമത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കും. കണ്ടുമുട്ടുകയാണെങ്കില്‍ എന്‍റെ സമുദായത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുക.". ഇത് കേട്ടത് മുതല്‍ ഉമര്‍ (റ) അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരുന്നു. സുദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ യമനില്‍ ചെന്ന് കണ്ടുമുട്ടുകയും പരസ്പരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

    എപ്പോഴെങ്കിലും ഒരിക്കല്‍ തന്‍റെ സ്നേഹഭാജനത്തെ കണ്ടുമുട്ടും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അദ്ദേഹം. മക്കയില്‍ നിന്നും തഴുകിത്തലോടിയെത്തുന്ന മന്ദമാരുതനെ പോലും മുത്തി മണക്കാന്‍ ആ ഹൃദയം വെമ്പല്‍ കൊണ്ടിട്ടുണ്ടാകും. മദീന ഈത്തപ്പനയുടെ നാടാണെന്നറിഞ്ഞത് മുതല്‍ കാരക്ക കാണുമ്പോള്‍ മനസ്സ് ഓളം തല്ലും. ചിലപ്പോള്‍ ആ സ്നേഹം തന്നെ മദീനയിലേക്ക് കൊത്തിപ്പറക്കുന്നതായി തോന്നും. കാത്തിരിപ്പ് തുടരുകയാണ്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വൃദ്ധയായ മാതാവിന് രോഗവും കൂടിയായപ്പോള്‍ മാതാവിനെ തനിച്ചാക്കി മാറിനില്‍ക്കാന്‍ വയ്യ. വൃദ്ധമാതാവിന്‍റെ പരിചരണം തന്‍റെ കടമയാണെന്ന് നന്ദിയുള്ള ആ മകനറിയാം. 

    ആ പൂമുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും തന്‍റെ ഹബീബിന്‍റെ വിവരങ്ങളറിയാന്‍ മദീനയിലേക്കുള്ള വഴികളില്‍ കാത്തുനില്‍ക്കും. മദീനയില്‍ നിന്ന് വരുന്നവരെ ആവേശത്തോടെ സ്വീകരിക്കും. ഹബീബിനെ കണ്ട കണ്ണുകളെ നോക്കി സായൂജ്യമടയും. ഓ! കണ്ണുകളേ! നീ എത്ര ഭാഗ്യവാന്‍. എനിക്ക് ആ കണ്ണുകളാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മഗതം ചെയ്യും. സൂര്യാസ്തമയങ്ങള്‍ വീണ്ടും പലത് കഴിഞ്ഞു. ആ മുഖം നേരിട്ടൊന്ന് കാണാന്‍ കഴിയാത്തതില്‍ ഹൃദയം അസ്വസ്ഥമാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത തന്‍റെ ചെവികളില്‍ എത്തി. ഉഹ്ദ് യുദ്ധത്തില്‍ തന്‍റെ ഹബീബിന്‍റെ മുന്‍പല്ല് പൊട്ടിയിരിക്കുന്നു. മുഖത്ത് പരിക്ക് പറ്റിയിരിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം തന്‍റെ മുന്‍പല്ല് കുത്തിപ്പൊട്ടിച്ചു. മുഖത്ത് മുറിവേല്‍പ്പിച്ചു. ഇല്ല, ഈ മുഖം സുന്ദരമായിരിക്കുക.. ചിന്തിക്കാന്‍ പോലും വയ്യ. അദ്ദേഹത്തിന്‍റെ സ്നേഹം അതായിരുന്നു. പ്രതീക്ഷ കൈവെടിയാതെ കഴിയുമ്പോള്‍ ആ ദുഃഖവാര്‍ത്ത യമനിലുമെത്തി. ഉവൈസ് അത് കേട്ടു. തന്‍റെ ഹബീബ് വഫാത്തായിരിക്കുന്നു. അദ്ദേഹം പൊട്ടിക്കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ...

    ഒരിക്കല്‍ ഉവൈസുല്‍ ഖര്‍നി (റ) ഹജ്ജിനായി മക്കയിലെത്തി. മദീനയില്‍ നബി (സ്വ) തങ്ങളെ സിയാറത്ത് ചെയ്യാന്‍ കൊതിച്ചു. റൗളയുടെ പരിസരത്ത് എത്തി. തങ്ങളുടെ പരിശുദ്ധമായ റൗള കാണേണ്ട താമസം മോഹാലസ്യപ്പെട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ ആദ്ദേഹം കൂടി നിന്നവരോട് പറഞ്ഞു. ഇല്ല. എനിക്കിവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല. എന്‍റെ പ്രിയ ഹബീബ് വഫാത്തായി കിടക്കുന്ന ഈ മണ്ണില്‍ എനിക്ക് നില്‍ക്കാനാവില്ല. ഈ സ്നേഹത്തെ എങ്ങനെയാണ് അളക്കാന്‍ സാധിക്കുക. പ്രവാചകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.. അവിടുത്തെ ശഫാഅത്ത് ലഭിക്കുന്നവരില്‍ പെടുത്തുകയും ചെയ്യട്ടെ.. ആമീന്‍. 

                                                                -ഹിദായത്തുല്ലാ ബാഖവി, കാരിക്കോട്-

Thursday 28 December 2017

NOORUL IRFAN MONTHLY 01-01-2018

NOORUL IRFAN MONTHLY
01-01-2018
                                                                PDF FILE CLICK HERE