Friday 24 September 2021

മഹിതമദീന

 മഹിതമദീന
 മദീന. സത്യവിശ്വാസിയെ രോമാഞ്ചപുളകിതമാക്കുന്ന സുന്ദര നാമം. ഭൂമിയുടെ കേന്ദ്രബിന്ദുവായ മക്കയില്‍ നിന്നും 450 കി.മീറ്റര്‍ വടക്കാണ് മദീനയുടെ സ്ഥാനം. ഫസാദ് (നാശം) എന്നര്‍ത്ഥം വരുന്ന 'യസ്രിബ്' എന്ന് മുമ്പ് നാമകരണം ചെയ്യപ്പെട്ടിരുന്ന ആ നാടിന് ലോകഗുരു മുഹമ്മദ് നബി (സ്വ) യുടെ പ്രസിദ്ധമായ ഹിജ്റയെ തുടര്‍ന്നാണ് 'മദീന' എന്ന പേര് ലഭിച്ചത്. നബിയുടെ നഗരം (മദീനത്തുന്നബി) എന്ന പ്രയോഗമാണ് അതിന്നാധാരം. 

        ത്വാബ, ത്വൈബ, ദാറ് എന്നിങ്ങനെ മദീനയ്ക്ക് പേരുകളുണ്ട്. "നിശ്ചയം മദീനക്ക് അല്ലാഹു ത്വാബ എന്ന പേരിട്ടിരിക്കുന്നു" എന്ന് നബി (സ്വ) പറഞ്ഞതായി സ്വഹീഹ് മുസ്ലിമിലുണ്ട്. നബി (സ്വ) യുടെ ആഗമനത്തെ തുടര്‍ന്ന് മദീന ബഹുദൈവ വിശ്വാസത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തമായതിനാലാണ് ത്വാബ, ത്വൈബ എന്നീ പേരുകള്‍ ലഭിച്ചത്. എല്ലാ വിധ നിര്‍ഭയത്വവുമുള്ള ഭവനമായതു കൊണ്ടാണ് ദാറ് (വീട്) എന്ന് നാമകരണം ചെയ്യപ്പെട്ടത്. 

    ഏകദൈവ സിദ്ധാന്തം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ മാത്രം ശത്രുക്കളായി മാറിയ സ്വന്തം ദേശക്കാര്‍ ക്രൂര പീഢനമഴിച്ചു വിട്ടപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശ പ്രകാരം മക്കയില്‍ നിന്ന് മുഹമ്മദ് നബി (സ്വ) യും സത്യവിശ്വാസികളും പലായനം ചെയ്തത് മദീനയിലേക്കായിരുന്നു. പലായനം ചെയ്തെത്തിയ നബി (സ്വ)യെയും സ്വഹാബത്തിനെയും ഊഷ്മളമായി സ്വീകരിക്കുകയും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം പകുത്തു നല്‍കുകയും ചെയ്ത മദീനക്കാര്‍ 'അന്‍സ്വാറുകള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. പില്‍ക്കാലത്ത് ഇസ്ലാമിക ലോകത്തിന്‍റെ തലസ്ഥാനം മദീനയായിരുന്നു. ആദ്യകാല ഖലീഫമാര്‍ ഖിലാഫത്തിന്‍റെ ആസ്ഥാനമാക്കിയിരുന്നതും മദീന തന്നെ. 

    മുത്തുനബി (സ്വ) യെ സ്വീകരിച്ച നാട് എന്നതിലുപരി അവിടുത്തെ ഭൗതിക ജീവിതത്തിന് ശേഷം ആത്മീയ ലോകത്ത് നിലകൊള്ളുന്ന നാട് എന്ന നിലയില്‍ മദീനയുടെ മഹത്വം വളരെ ഉന്നതമാണ്. ഒരാള്‍ സൃഷ്ടിക്കപ്പെട്ടത് ഏതൊരു മണ്ണില്‍ നിന്നാണോ അതേ മണ്ണില്‍ തന്നെയാണ് അയാള്‍ മറവ് ചെയ്യപ്പെടുക എന്ന് ഒരു ഹദീസിലുണ്ട്. ഈ ആശയം മര്‍ഫൂആയും മൗഖൂഫായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തില്‍ മാലികീ മദ്ഹബില്‍ പെട്ട പ്രമുഖ പണ്ഡിതന്‍ പറയുന്ന പ്രമാണം ഇബനു ഹജര്‍ (റ) ഉദ്ധരിക്കുന്നു: "നബി (സ്വ) സൃഷ്ടിക്കപ്പെട്ടത് മദീനയിലെ മണ്ണ് കൊണ്ടാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠര്‍ നബി (സ്വ) യാണല്ലോ? അതിനാല്‍ മണ്ണുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് മദീനയിലെ മണ്ണായി. (ഫത്ഹുല്‍ ബാരി 20/387).

        പരിശുദ്ധ മദീനയുടെ പുണ്യം വിളിച്ചോതുന്ന നിരവധി ഹദീസുകള്‍ കാണാം. നബി (സ്വ) പറയുന്നു: "എല്ലാ രാജ്യങ്ങളെയും അതിജയിക്കുന്ന ഒരു നാട്ടിലേക്ക് ഹിജ്റ പോവാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ യസ്രിബ് എന്നാണ് അതിനെ വിളിക്കുന്നത്. അത് മദീനയാണ്. ഉല ഇരുമ്പിന്‍റെ അഴുക്കിനെ ശുദ്ധിയാക്കുന്നത് പോലെ മദീന ജനങ്ങളെ ശുദ്ധിയാക്കും" (ബുഖാരി).

        ഈ ഹദീസുദ്ധരിച്ചു കൊണ്ട് അബു അബ്ദില്ലാഹി ബ്നു അബീ സ്വബ്റ (റ) പറയുന്നു: മക്കയേക്കാള്‍ ശ്രേഷ്ഠമാണ് മദീന എന്ന് പറയുന്നവര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നു. കാരണം മക്കയെയും മറ്റു നാടുകളെയുമെല്ലാം ഇസ്ലാമിലേക്ക് പ്രവേശിപ്പിച്ചത് മദീനയാണ്. അതിനാല്‍ മക്കയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും മദീനക്കാരുടെ ഏടുകളിലായി. (ശര്‍ഹു ഇബ്നുബത്വാല്‍ 8/138).

    "അല്ലാഹുവേ, നിന്‍റെ മാര്‍ഗ്ഗത്തിലായി എനിക്ക് രക്തസാക്ഷിത്വം നല്‍കുകയും എന്‍റെ മരണം നിന്‍റെ റസൂലിന്‍റെ നാട്ടില്‍ വെച്ചാക്കുകയും ചെയ്യേണമേ" എന്ന് ഉമര്‍ (റ) ദുആ ചെയ്തിരുന്നതായി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. മദീനയേക്കാള്‍ ശ്രേഷ്ഠമായ ഒരു നാടുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞിരുന്നെങ്കില്‍ തന്‍റെ മരണവും ഖബ്റും അവിടെ വെച്ചാകാന്‍ അദ്ദേഹം ദുആ ചെയ്യുമായിരുന്നു. (ശര്‍ഹു ഇബ്നി ബത്വാല്‍ 8/159).

        മക്കാ വിജയത്തിന് ശേഷമുള്ള ജീവിതത്തിനായി നബി (സ്വ) മദീനയെ തെരെഞ്ഞെടുത്തതിന് കാരണം മദീന മറ്റു നാടുകളേക്കാള്‍ ഏറ്റവും പവിത്രമായത് കൊണ്ട് തന്നെയാണ്. മദീനയില്‍ തന്നെ താമസിക്കണമെന്ന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായിരുന്നെങ്കില്‍ ഏറ്റവും ശ്രേഷ്ഠമായതിനെയല്ലാതെ തന്‍റെ ഹബീബിന് വേണ്ടി അവന്‍ തെരെഞ്ഞെടുക്കുമോ? സ്വന്തം ഇഷ്ടാനുസരണം നബി (സ്വ) യാണ് മദീനയെ തെരെഞ്ഞെടുത്തതെങ്കില്‍ തനിക്കും തനിക്ക് വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച സ്വഹാബത്തിനും വേണ്ടി ഏറ്റവും ശ്രേഷ്മായതിനെയല്ലാതെ അവിടുന്ന് തെരെഞ്ഞെടുക്കുമോ? ഇല്ലേ ഇല്ല. (അല്‍ മുന്‍തഖാ ശറഹുല്‍ മുവത്വ 4/272).

        നബി (സ്വ) പറയുന്നു: സര്‍പ്പം അതിന്‍റെ മാളത്തില്‍ അഭയം പ്രാപിക്കുന്നത് പോലെ നിശ്ചയം ഈമാന്‍ മദീനയില്‍ അഭയം പ്രാപിക്കും". ഇത് മദീനയുടെ മാത്രം പ്രത്യേകതയാണ്. ശരിയായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിവേരുകള്‍ പിഴുതെടുക്കപ്പെടുന്ന കാലഘട്ടം വന്നെത്തിയാല്‍ മദീനയില്‍ ഇസ്ലാം പ്രകടമായിക്കൊണ്ടിരിക്കും. കാലമെത്ര കഴിഞ്ഞാലും ലോകം എത്ര പുരോഗമിച്ചാലും സമ്പദ് സമൃദ്ധമായ ജീവിതം കൊണ്ട് വിശ്വാസി എത്രമാത്രം മുന്നോട്ട് ഗമിച്ചാലും അടിസ്ഥാന ആദര്‍ശത്തിന്‍റെ അടിത്തറയുള്ള ഏതൊരു വിശ്വാസിയുടെയും വിചാരങ്ങള്‍ മദീനയെ ലക്ഷ്യമാക്കി സഞ്ചരിച്ചു കൊണ്ടേയിരിക്കും. അവിടെ മാത്രമേ അവന് ശരിയായ അഭയം ലഭിക്കുകയുള്ളൂ. മാളത്തില്‍ നിന്നും പുറത്തിറങ്ങിയ സര്‍പ്പത്തിന്‍റെ അവസ്ഥ യഥാര്‍ത്ഥ വിശ്വാസിക്ക് നേരിടുമെന്ന് സാരം. 

        നബി (സ്വ) പറയുന്നു: "മദീനയുടെ കവാടങ്ങളില്‍ മലക്കുകളുണ്ട്. പ്ലേഗ് രോഗവും ദജ്ജാലും അവിടെ പ്രവേശിക്കുകയില്ല" (ബുഖാരി).

        മക്കയില്‍ നിന്ന് മദീനയിലെത്തിയ നബി (സ്വ) അവിടെ വെച്ച് ദുആ ചെയ്തു: "അല്ലാഹുവേ! മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം പോലെ അല്ലെങ്കില്‍ അതിനേക്കാളുപരി മദീനയോട് ഞങ്ങള്‍ക്ക് സ്നേഹം നല്‍കേണമേ! അതിനെ നീ നിന്നാക്കുകയും അവിടുത്തെ സ്വാഇലും മുദ്ദിലും (അളവ് പാത്രങ്ങള്‍) നീ ബറക്കത്ത് ചെയ്യുകയും അവിടെയുള്ള പനിയെ ജുഹ്ഫയിലേക്ക് നീക്കുകയും ചെയ്യേണമേ".

        നബി (സ്വ) പറയുന്നു: "മദീനയിലെ പൊടി വെള്ളപ്പാണ്ട് രോഗത്തിന് ശമനമാണ്". ഇബനു ഉമര്‍ (റ) ഉദ്ധരിക്കുന്നു: തബൂക്കില്‍ നിന്നും മടങ്ങിയെത്തിയ നബി (സ്വ) യെയും സ്വഹാബത്തിനെയും സ്വീകരിക്കാനായി വൃദ്ധരും കുട്ടികളും ധൃതി കൂട്ടിയപ്പോള്‍ ഉയര്‍ന്നു പൊന്തിയ പൊടി പടലങ്ങള്‍ക്കിടയില്‍ ചില സ്വഹാബികള്‍ മൂക്ക് പൊത്തി. പെട്ടെന്ന് കൈ നീട്ടി ആ മുഖാവരണം നീക്കിയ നബി (സ്വ) ചോദിച്ചു: മദീനയിലെ ഈത്തപ്പഴം (അജ്വ) വിഷത്തില്‍ നിന്നും പൊടി കുഷ്ഠത്തില്‍ നിന്നും ശമനമാണെന്ന് നിങ്ങള്‍ക്കറിയില്ലേ!"

മദീനയുടെ മഹത്വം ശരിയായി ഉള്‍ക്കൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍. 

                                                       - സി.എം.എ. റഹീം ഇര്‍ഫാനി, വെറ്റിലപ്പാറ -


No comments:

Post a Comment