Friday 24 September 2021

ബഗ്ദാദും കുന്നത്തേരിയും


        എതാനും ഓല മേഞ്ഞ കൂരകള്‍...  ബ്രിട്ടീഷ് കോളനി വല്‍ക്കരണം വരുത്തിവെച്ച പാരതന്ത്ര്യത്തില്‍ നിന്ന് മോചിതരാവാന്‍ കോതിക്കുന്ന ചിത്തങ്ങള്‍... സ്വാതന്ത്ര്യ സമരം അതിന്‍റെ പാരമ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയം ... ദാരിദ്ര്യത്തിന്‍റെ അടയാളങ്ങള്‍ നിഴലിച്ചു കാണുന്ന കുടുംബാന്തരീക്ഷം. ക്ഷുത്തടക്കാന്‍ പാടുപെടുന്ന ഏതാനും മനുഷ്യക്കോലങ്ങള്‍.... കുന്നുകള്‍ക്കും മലകള്‍ക്കും ഇടയിലൂടെ ഇടുങ്ങിയ വഴികള്‍.. ശബ്ദ കോലാഹലങ്ങളില്ലാത്ത മൂകത തളം കെട്ടി നില്‍ക്കുന്ന കുഗ്രാമം. സൂര്യോദയത്തിന് മുമ്പേ ഉണര്‍ന്നു കൃഷിയിടങ്ങളിലേക്ക് കലപ്പകളും തോളിലേറ്റി നടന്നു പോകുന്ന കര്‍ഷകര്‍... പ്രദോഷത്തില്‍ ചെളിപുരണ്ട കാലുകളുമായി വീട്ടിലേക്ക് നടന്നടുക്കുന്ന ഗൃഹനാഥന്മാര്‍... വാപ്പയുടെ വരവും പ്രതീക്ഷിച്ച് കോലായയില്‍ ഇമവെട്ടാതെ നോക്കിയിരിക്കുന്ന കുരുന്നുകള്‍... വൈകുന്നേരങ്ങളില്‍ അങ്ങാടിയിലെ ചായക്കടയില്‍ സൗഹൃദ ചര്‍ച്ചകളില്‍ മുഴുകുന്ന മനുഷ്യ സ്നേഹികള്‍...

തൊള്ളായിരത്തി നാല്‍പതുകളുടെ തുടക്കത്തിലെ കേരളത്തിലെ ഏതൊരു നാട്ടിന്‍പുറത്തിന്‍റെയും ചിത്രം തന്നെയായിരുന്നു എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് കുന്നത്തേരി എന്ന ഗ്രാമത്തിന്‍റെയും. കാലത്തിന്‍റെ ഒഴുക്കിനൊത്ത് ആ ഗ്രാമവും സഞ്ചരിച്ചു കൊണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കുന്നത്തേരിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരു നിയോഗം പോലെ ആ പാദങ്ങള്‍ കുന്നത്തേരിയുടെ മണ്ണില്‍ കാലുകുത്തുന്നത്. ശൈഖുനാ അബുല്‍ ഫള്ല്‍ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ഐദറൂസിയ്യ് അല്‍ഖാദിരി അല്‍ ജീലിയ്യ് അല്‍ ചിശ്തിയ്യ് അശ്ശാദുലിയ്യ് അന്നഖ്ശബന്ധിയ്യ്(ഖ.സി) എന്ന സൂര്യതേജസ്സ് ആയിരുന്നു അത്. 

അവിടെ നിന്നിങ്ങോട്ട് ആ നാടിന്‍റെ ചരിത്രം ശൈഖുനായുടെ ചരിത്രമാണ്. കുന്നത്തേരിയെ തേരിലേറ്റി തസവ്വുഫിന്‍റെ വഴിയിലൂടെ കൈപിടിച്ചു നയിച്ച് അഹദിയ്യത്തിലെത്തിച്ചത് മഹാനരായിരുന്നു. പിന്നീട് കുന്നത്തേരി അധ്യാത്മീകതയുടെ പര്യായമായി ചരിത്രത്തിലിടം പിടിച്ചു. കുന്നത്തേരിയുടെ പേരില്‍ ആരെങ്കിലും പ്രശസ്തരായിട്ടുണ്ടെങ്കില്‍ കുന്നത്തേരി തങ്ങന്മാരല്ലാതെ മറ്റാരാണുള്ളത്. വലിയ ശൈഖുനാ അല്ലാഹുവിലേക്ക് തെളിച്ചിട്ട വഴിയേ കുന്നത്തേരിയിലെത്തുന്ന പരശ്ശതം ആളുകളെ പിന്‍ഗാമികളായ മഞ്ചേരി ശൈഖുനായും ശൈഖുനാ ശിഹാബുദ്ദീന്‍ അല്‍ജീലി (റ)യും വഴിനടത്തി. ലോകചരിത്രത്തില്‍ ബഗ്ദാദ് അറിയപ്പെടുന്നത് ഗൗസുല്‍ അഅ്ളമിലൂടെയാണെങ്കില്‍ കുന്നത്തേരി ചരിത്രത്തില്‍ ഇടംപിടിച്ചത് ശൈഖ് ജീലാനിയുടെ പേരക്കുട്ടിയും തന്‍റെ ത്വരീഖത്തിന്‍റെ ഖലീഫയുമായ ശൈഖുനാ അബുല്‍ ഫള്ല്‍ അല്‍ജീലിയ്യ് (ഖു.സി)ലൂടെയാണെന്നത് ബഗ്ദാദിനെയും കുന്നത്തേരിയെയും പരസ്പരം സാമ്യപ്പെടുത്തുന്ന വലിയ അടയാളപ്പെടുത്തലാണ്. 

കവരത്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയിലൂടെ ഖുത്വുബുല്‍ അഖത്വാബ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി)യിലേക്ക് എത്തുന്ന അഹ്ലുബൈത്തിലെ ജീലി ഖബീലയിലാണ് ശൈഖുനായുടെ ജനനം. പിതൃപരമ്പര ഇങ്ങനെ: 1. സയ്യിദ് ഐദറൂസ് വലിയ്യുല്ലാഹി (ഖു.സി.) ആന്ത്രോത്ത്, 2. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (ഖു.സി.) ആന്ത്രോത്ത്, 3. സയ്യിദ് അഹ്മദ് (ഖു.സി.) ആന്ത്രോത്ത് (റ), 4. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (ഖു.സി.) ആന്ത്രോത്ത്, 5. സയ്യിദ് മുഹമ്മദ് അല്‍ ബുഖാരി (ഖു.സി.), 6.സയ്യിദ് അബ്ദുറഹ്മാന്‍ (ഖു.സി.) ആന്ത്രോത്ത്, 7. സയ്യിദ് മുഹമ്മദ് ഖാസിം (റ) കവരത്തി 8. സയ്യിദ് അബൂസ്വാലിഹ് (റ) കവരത്തി, 9. സയ്യിദ് മുഹമ്മദ് ഖാസിം അല്‍ബഗ്ദാദി (റ) 10. സയ്യിദ് മൂസ രിളാ (റ), 11. സയ്യിദ് ഫത്ഹുല്ലാഹില്‍ ബഗ്ദാദി, 12. സയ്യിദ് മുഹമ്മദ് (റ), 13. സയ്യിദ് മുഹ്യിദ്ദീന്‍ (റ), 14.  സയ്യിദ് മുഹമ്മദ് (റ), 15.  സയ്യിദ് മുഹയിദ്ദീന്‍ (റ), 16.  സയ്യിദ് അലി (റ), 17. സയ്യിദ് മുഹമ്മദ് (റ) 18.സയ്യിദ്  യഹ്യ (റ) 19. സയ്യിദ് അഹ്മദ് (റ) 20. സയ്യിദ് അബൂസ്വാലിഹ് നസ്വ്ര്‍ (റ) 21. സയ്യിദ് അബ്ദുറസ്സാഖ് (റ) 22. ഖുത്വുബുല്‍ അഖ്ത്വാബ് ശൈഖ് ജീലാനി (റ). 

ജന്മദേശമായ ആന്ത്രോത്തില്‍ നിന്ന് വിജ്ഞാന ദാഹവുമായി ശൈഖുനാ നാടുചുറ്റി. ദാഹാര്‍ത്തനായ ശൈഖുനാ തമിഴ്നാട്ടിലെ പുതക്കുടി എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന മദ്റസത്തുന്നൂരില്‍ മുഹമ്മദിയ്യയിലെത്തി അറിവിന്‍ ദാഹം തീര്‍ത്തു. ശരീഅത്തിന്‍റെ  വിവിധ വൈജ്ഞാനിക ശാഖകളില്‍ നൈപുണ്യം കൈവരിച്ചെങ്കിലും  അതിനുമപ്പുറമായിരുന്നു ശൈഖുനായുടെ നോട്ടം. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്കുള്ള വഴി തേടി അലയാന്‍ ശൈഖുനയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് തൊടുപുഴ നൈനാര്‍ പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശരീഅത്തിന്‍റെയും ഹഖീഖത്തിന്‍റെയും കരകാണാ കടലായ ശൈഖ് മുഹമ്മദുല്‍ ഖൂത്വാരി (ഖു.സി)യുടെ സവിധത്തിലേക്ക് എത്തുന്നത്. ഖൂത്വാരി ശൈഖുനയിലൂടെ കമാലിയ്യത്തിലേക്ക് എത്തിച്ചേര്‍ന്ന ശൈഖുനാ മലിന ചിത്തങ്ങളെ ചികിത്സിച്ച് നാഥനിലേക്കടുപ്പിക്കാനുളള സര്‍ട്ടിഫിക്കറ്റും നേടി മടങ്ങി. ഖാദിരിയ്യ, രിഫാഇയ്യ നഖ്ശബന്ധിയ്യ ചിശ്തിയ്യ തുടങ്ങി നിരവധി സരണികളുടെ കാവലാളായി ശൈഖുനാ തിളങ്ങി. അതുല്യമായ രചനകള്‍ ശൈഖുനയുടെ തൂലികയിലൂടെ വെളിച്ചം കണ്ടു.

കറാമത്തുകള്‍ പ്രത്യക്ഷപ്പെടല്‍ അല്ലാഹുവിന്‍റെ ഔലിയാക്കളുടെ ജീവിതത്തിലെ സ്വാഭാവിക പ്രതിഭാസമാണ്. അത്ഭുതങ്ങളുടെ എക്സിബിഷനല്ല അവരുടെ ലക്ഷ്യം. പലപ്പോഴും സാന്ദര്‍ഭികമായി സംഭവിക്കുന്നവയാണ് അവ. ആധികളും ആവലാതികളുമായി ശാന്തിനികേതനുകളായ മഹാന്മാരില്‍ അഭയം കണ്ടെത്തുന്നവര്‍ക്ക് തങ്ങളുടെ പ്രയാസങ്ങള്‍ അസാധാരണമാര്‍ഗത്തിലൂടെ പരിഹരിക്കപ്പെടുമ്പോള്‍ അനുഭവസ്ഥര്‍ക്ക് അത് അത്ഭുതങ്ങളായി തോന്നുന്നു. പക്ഷേ അപ്പോഴും  കറാമത്തുകളൊന്നും തന്നെ അവ പ്രത്യക്ഷപ്പെട്ട മഹാരഥന്മാരെ ലവലേശം സ്പര്‍ശിക്കാറില്ല. അത് പ്രചരണായുധമാക്കുകയോ അതിലൂടെ തന്നിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കാനോ അവര്‍ ശ്രമിക്കാറില്ല. കാരണം അവര്‍ അല്ലാഹുവേതര വസ്തുക്കളെത്തൊട്ടെല്ലാം അശ്രദ്ധരാണ്. കുന്നത്തേരി ശൈഖുനായുടെ ജീവിത്തിലും അനവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. അവയില്‍ ചിലത് സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി അല്‍ബാഖവി എന്ന എം.കെ ചെറിയ കോയാ തങ്ങള്‍ ആന്ത്രോത്ത് രചിച്ച ശൈഖുനായുടെ "നജാഹുല്‍ മുബീന്‍" എന്ന മൗലിദില്‍ കാണാം. 

ശൈഖുനായുടെ ബാല്യകാലം. കേവലം പന്ത്രണ്ട് വയസ്സ് പ്രായം. പിതാവിനോടൊപ്പം വടക്കാഞ്ചേരിയിലെത്തിയതായിരുന്നു ശൈഖുനാ. അവിടെ താമസിക്കുന്നതിനിടെ വീട്ടുമുറ്റത്തേക്കിറങ്ങിയ ശൈഖുനാ അപ്രതീക്ഷിതമായി ഒരു ആനയെ കണ്ടു. തന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ആനയെക്കാണുന്നത്. ഭയാനകരമായ രൂപം കണ്ട് പേടിച്ച കുട്ടി ഈ മൃഗം ചത്തുപോകട്ടെ എന്നു പറയേണ്ട താമസം ആന ആ മുറ്റത്ത് വീണു ചെരിഞ്ഞു! വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു... ജനങ്ങള്‍ തടിച്ചു കൂടി... ആനയുടെ ഉടമസ്ഥന്‍ ഓടിയെത്തി.. കുട്ടിയുടെ പിതാവിനോട് പറഞ്ഞു. "മോനോട് പൊറുക്കാന്‍ പറയണം. ഞങ്ങള്‍ക്ക് നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പറയണം". അദ്ദേഹത്തിന് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

ശൈഖുനായുടെ പ്രാര്‍ത്ഥനകള്‍ ഉടന്‍ ഉത്തരം ചെയ്യപ്പെടുന്നവയായിരുന്നു. കടുത്ത വേനലില്‍ മഴകിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ ശൈഖുനയെ സമീപിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മഴ ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച് നിമിഷങ്ങള്‍ക്കകം മഴ തിമര്‍ത്തു പെയ്യുമായിരുന്നു. 

സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും ശൈഖുനായുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു. മറ്റു സംസാരങ്ങളിലേക്ക് തിരിയാതെ തന്‍റെ ഉപദേശം സശ്രദ്ധം ശ്രവിക്കണമെന്ന് ആഹ്വാനത്തോടെ തുടങ്ങിയ ഒരു ക്ലാസ്സില്‍ നസീഹത്ത് നടക്കുമ്പോള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഒരു യുവതി സംസാരിച്ചു. അവളുടെ സംസാരം മറ്റുള്ളവര്‍ക്ക് അരോചകമാകുകയും സദസ്സ് അശ്രദ്ധമാകുകയും ചെയ്തു. ഇതു മനസ്സിലാക്കിയ ശൈഖുനാ കോപിഷഠനായി. "ഇനിയവള്‍ സംസാരിക്കേണ്ട" എന്ന് പറഞ്ഞു ശൈഖുനാ പോയി. വാക്കുകള്‍ അറംപറ്റി. ആ യുവതിയുടെ സംസാര ശേഷി നഷ്ടപ്പെട്ടു! ദുഖസാഗരത്തിലായ യുവതിയുടെ ബന്ധുക്കള്‍ ഒരാഴ്ചക്ക് ശേഷം ശൈഖുനയുടെ സവിധത്തിലെത്തി മാപ്പപേക്ഷിച്ചു. ശൈഖുനാ മാപ്പു നല്‍കിയതോടെ അവളുടെ സംസാര ശേഷി തിരിച്ചു കിട്ടി!!  

ആന്ത്രോത്ത് കാരനായ ഒരു മുരീദിനോട് അയാളുടെ മരണ ദിനവും ഖബറിടവും ശൈഖുനാ വെളിപ്പെടുത്തി. ഈ നശ്വര ജീവിതത്തില്‍ നിന്ന് അനശ്വര ലോകത്തേക്കുള്ള നിന്‍റെയാത്ര അടുത്തിരിക്കുന്നുവെന്നും ഇന്നേക്ക് മൂന്നാം നാള്‍ നീ മരിക്കുമെന്നും അയാളോട് പ്രവചിച്ചു. ശൈഖുനയില്‍ ആത്മസമര്‍പ്പണം നടത്തിയ മുരീദിന് തന്‍റെ ശൈഖിന്‍റെ വാക്കുകളില്‍ സന്ദേഹമുണ്ടായിരുന്നില്ല. അദ്ദേഹം മരണത്തിന് വേണ്ടി തയ്യാറെടുത്തു. പ്രവചനം കൃത്യമായി പുലര്‍ന്നു. മൂന്നാം നാള്‍ അദ്ദേഹം നാഥനിലേക്ക് യാത്രയായി. 

ശൈഖുനാ മംഗലാപുരത്ത് താമസിക്കുന്ന കാലം. ഒരു ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം തന്‍റെ ഒരു മുഹിബ്ബിനോട് പറഞ്ഞു "നമ്മുടെ ദ്വീപില്‍ നിന്നും ഒരു ഓടം ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട് ഈ ഹാര്‍ബറിലേക്ക് നാളെ എത്തും" . ഇതു  കേട്ട് മുഹിബ്ബ് പറഞ്ഞു. "തങ്ങളേ, അതിന് നമ്മുടെ നാട്ടില്‍ നിന്നും ഓടങ്ങളൊന്നും പുറപ്പെടാന്‍ തയ്യാറെടുക്കുന്നില്ലല്ലോ?"  അയാള്‍ കട്ടായം പറഞ്ഞു. "നമ്മുടെ വാക്കില്‍ നിനക്ക് സംശയമോ" "ഇല്ല തങ്ങളേ... " അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആന്ത്രോത്തില്‍ നിന്ന് പുറപ്പെട്ട അഗത്തിക്കാരുടെ ഒരു ഓടം പിറ്റേദിവസം മംഗലാപുരം ഹാര്‍ബറിലെത്തിച്ചേര്‍ന്നു!. ശക്തമായ കാറ്റും കോളിലും പെട്ടു അവരുടെ ചില ചരക്കുകള്‍ നഷ്ടപ്പെട്ടതായി അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു!!. 

രാത്രി സമയം.. ശൈഖുനാ തന്‍റെ മുഹിബ്ബീങ്ങളൊടൊപ്പം ഒരു മുരീദിന്‍റെ വീട്ടില്‍ ഇരിക്കുകയാണ്. ഇരുളകറ്റാന്‍ ഒരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. ഇതിനിടെ ശൈഖുനാ വീട്ടുകാരനോട് ചോദിച്ചു. "ഇതല്ലാത്ത വേറെ വിളക്ക് ഇവിടെയുണ്ടോ?" "അതെ" "എന്നാല്‍ ഇതു മാറ്റി വേഗം അതു കൊണ്ടു വരൂ.." ഔലിയാഇന്‍റെ ദീര്‍ഘദൃഷ്ടി അപ്പോള്‍ മനസ്സിലേക്ക് വരാത്ത ആ ശിഷ്യന്‍ ചോദിച്ചു. "വിളക്കിന്‍റെ ഗ്ലാസ്സ് പൊട്ടിയിട്ടില്ലല്ലോ... വെളിച്ചക്കുറവും ഇല്ല. പിന്നെ.....?" 

"പറഞ്ഞത് കേള്‍ക്കൂ..." ശൈഖുനാ പറഞ്ഞു.

എന്തോ അത്യാവശ്യകാര്യം ചെയ്യാനുണ്ടായിരുന്നത് ചെയ്തിട്ട് ഉടനെ മാറ്റാമെന്നു കരുതി അയാള്‍ മുറിയിലേക്ക് പോയി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച അയാളെ പരിഭ്രാന്തനാക്കി. ചിമ്മിനി വിളക്ക് പൊട്ടിത്തകര്‍ന്ന് ചില്ലു കഷ്ണങ്ങള്‍ ആളുകളുടെ ശരീരത്തിലേക്ക് തെറിച്ചു വീണിരിക്കുന്നു!!!.  പേടിച്ചു വിറച്ച ശിഷ്യന്‍ ശൈഖിന്‍റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. 

കുന്നത്തേരിയിലും പരിസര പ്രദേശങ്ങളിലും ശൈഖുനായുടെ കറാമത്തിന്‍റെ സ്പര്‍ശനം ഏല്‍ക്കാത്തവര്‍ അപൂര്‍വ്വം. വൈദ്യശാസ്ത്രം പരിഹാരമില്ലാതെ കൈമലര്‍ത്തിയ ഒരു രോഗി ശൈഖുനയെ കാണാനെത്തി. തന്‍റെ മുരീദുമാര്‍ക്ക് ത്വരീഖത്തിന്‍റെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി ഒരു സ്ഥലം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ തന്‍റെ രോഗ ശമനം ലക്ഷ്യം വെച്ചു അയാള്‍ കുറച്ചു സ്ഥലം നേര്‍ച്ചയാക്കി നല്‍കി. സര്‍വ്വരെയും അത്ഭുതപ്പെടുത്തി പെട്ടെന്ന് ആ മാറാ രോഗം സുഖപ്പെട്ടു. അവിടെയാണ് ഹിജ്റ 1363 (എ.ഡി 1944) ല്‍ ശൈഖുനാ മഹ്ളറത്തുല്‍ ഖാദിരിയ്യക്ക് തറ പാകിയത്. ഒന്‍പതു വര്‍ഷത്തിന് ശേഷം  ശൈഖുനാ മക്കയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തന്‍റെ ചില മുരീദുമാരോട് നിര്‍ദ്ദേശിച്ചു. "ഇവിടെ റാത്തീബുകളും മറ്റു വളീഫകളും നിര്‍വ്വഹിക്കാനായി ഈ തറക്ക് മേല്‍ ഒരു ഷെഡ് നിര്‍മ്മിക്കണം. ഇപ്പോള്‍ ഇവിടേക്ക് ഒരു ഇടുങ്ങിയ വഴികളാണെങ്കിലും പില്‍ക്കാലത്ത് വിശാലമായ റോഡുകളും വഴികളുമായിത്തീരും. കാലാന്തരേണ ജനങ്ങള്‍ ഇവിടേക്ക് ഒഴുകും. ഞാന്‍ വഫാത്തായാല്‍ എന്‍റെ ഖബ്ര്‍ ഈ സ്ഥാനത്തായിരിക്കും." ശൈഖുനാ പ്രവചിച്ചു.  

ശിഷ്യര്‍ ശൈഖുനയുടെ നിര്‍ദ്ദേശപ്രകാരം ഷെഡ് നിര്‍മ്മിച്ചു. ശൈഖുനാ റാത്തീബ് തുടങ്ങി ക്കൊടുത്തശേഷം വിശുദ്ധ ഭൂമിയിലേക്ക് യാത്രയായി. മക്കയിലും ശൈഖുനാ തന്‍റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങളുമായി സമൂഹത്തെ ഇരുലോകവിജയത്തിലേക്ക് വഴിനടത്തി. ഹജ്ജ് കഴിഞ്ഞ് മദ്യന്‍, കന്‍ആന്‍, മിസ്ര്‍, ബസറ, കൂഫ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ സിയാറത്തിന് പുറപ്പെട്ടു. തിരികെ വീണ്ടും മുത്ത് നബിയുടെ സവിധത്തില്‍ എത്തിച്ചേര്‍ന്നു. രണ്ടു മാസം വിശുദ്ധ മദീനയില്‍ താമസിച്ചു.  ശേഷം തന്‍റെ വലിയുപ്പയും ശൈഖുമായ ശൈഖ് ജീലാനിയെ സന്ദര്‍ശിക്കാന്‍ ബഗ്ദാദിലേക്ക് പുറപ്പെട്ടു. 

ഹജ്ജും സിയാറത്തും കഴിഞ്ഞ് കുന്നത്തേരിയില്‍ തിരിച്ചെത്തിയ ശൈഖുനാ മഹ്ളറത്തുല്‍ ഖാദിരിയ്യ പുന:നിര്‍മ്മിക്കുകയും തന്‍റെ ഖബര്‍ ശരീഫ് കുഴിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പതിനഞ്ച് വര്‍ഷം ശൈഖുനാ ജീവിച്ചു. അല്ലാഹുവിലേക്കുള്ള യാത്രക്ക് സമയമായപ്പോള്‍ തന്‍റെ മുരീദുമാരെ വിളിച്ചു ചേര്‍ത്തു ഏല്‍പ്പിക്കാനുളളതെല്ലാം ഏല്‍പ്പിച്ചു, പറയാനുള്ളതെല്ലാം പറഞ്ഞു ഹിജ്റ 1388 സ്വഫര്‍ മാസം 25 (1968 മെയ് 24 (?)) ശനിയാഴ്ച മഗ്രിബിന്‍റെ സമയം ശൈഖുനയുടെ ആത്മാവ് അത്യന്നത സഹചാരിയിലേക്ക് യാത്രയായി.

എം.കെ ചെറിയ കോയാ തങ്ങള്‍ (ന:മ)

ശൈഖുനാ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ജീലിയ്യ് (ഖു.സി)യുടെ മദ്ഹുകള്‍ അറബിഭാഷയില്‍ കോര്‍ത്തിണക്കിയ ചെറിയ ഒരു മൗലിദാണ് 'നജാഹുല്‍ മുബീന്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍'. ഇതിന്‍റെ രചയിതാവ് ആന്ത്രോത്ത് ദ്വീപുകാരനായ എം.കെ ചെറിയ കോയാതങ്ങളെന്ന സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരിയാണ്.  ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ശിഷ്യനായി തലക്കടത്തൂര്‍, ചാലിയം എന്നിവിങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. മര്‍ഹൂം ഇ.കെ ഹസന്‍ മുസ്ലിയാരുടെ സമകാലികനായ അദ്ദേഹത്തെ ഹസന്‍ മുസ്ലിയാര്‍ ഉള്‍പ്പെട്ട മദ്റസ നൂറുല്‍ ഇര്‍ഫാന്‍ കമ്മിറ്റി  നൂറുല്‍ ഇര്‍ഫാനിലെ മുദര്‍രിസായി നിയമിച്ചു. ലക്ഷദ്വീപിലെ അഗത്തി, കല്‍പ്പേനി എന്നിവിടങ്ങളിലും മുദര്‍രിസായി സേവനമനുഷ്ഠിച്ചു. തലശ്ശേരി പാനൂരില്‍ മുദരിസായി തുടരുന്നതിനിടയിലാണ് അദ്ദേഹം വഫാത്തായത്. പാനൂര്‍ ജുമാ മസ്ജിദന്‍റെ മുമ്പിലാണ് അദ്ദേഹത്തിന്‍റെ ഖബര്‍. അദ്ദേഹത്തിന്‍റെ ഖബ്ര്‍ അല്ലാഹു പ്രകാശിപ്പിക്കട്ടെ. ആമീന്‍.

                                                                      അബുല്‍ബിശ്ര്‍ 

1 comment: