Friday 24 September 2021

പുണ്യവസന്തം..


        മുസ്ലിം ജനഹൃദയങ്ങളില്‍ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരായിരം പൂമൊട്ടുകള്‍ വിരിയിച്ചു കൊണ്ട് ഒരിക്കല്‍ കൂടി പുണ്യവസന്തം വന്നണയുകയാണ്. റബീഉല്‍ അവ്വല്‍. ഒരു വിശ്വാസി അവനറിയാതെ തന്നെ ആ മാസത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ശക്തമായ തെളിവുകളോ പ്രമാണങ്ങളോ ഒന്നും ഈ വിഷയത്തില്‍ അവന് ആവശ്യമില്ല. റബീഉല്‍ അവ്വലിന് ചെറുതോ വലുതോ ആയ സ്ഥാനം കല്‍പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ആയത്തുകളോ, നബിവചനങ്ങളോ അവന്‍ അന്വേഷിക്കുന്നില്ല. അതിന് താല്‍പര്യവുമില്ല. മറ്റൊരു മാസത്തിലും പ്രകടിപ്പിക്കാത്ത ഉന്മേഷവും ഉണര്‍വ്വും റബീഉല്‍ അവ്വലാകുമ്പോള്‍ ഒരു വിശ്വാസി ഉണ്ടാകുന്നു.

        ഏതാനും മാസങ്ങളായി അവന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വിശ്വാസത്തിന്‍റെ കതിര്‍കുലകള്‍ അവനറിയാതെ പൊട്ടിവിടരുകയാണ്. എത്ര അടക്കിവെച്ചാലും അതിന്‍റെ പ്രതിഫലനങ്ങള്‍ വാനിലേക്കുയരുകയാണ്. അതെ! തന്‍റെ വിശ്വാസത്തെ തേച്ചുമിനുക്കി പതിന്മടങ്ങു ശക്തിയായി ഹൃദയത്തിലേറ്റു വാങ്ങുകയാണ്. 

        പരിശുദ്ധ റമളാന്‍ മാസം ഇലാഹീ സമര്‍പ്പണത്തിന്‍റെ മാസമാണ്. ഒരുപാട് മഹത്വവും സ്ഥാനവും ആ മാസത്തിന് ലഭിച്ചതിന് കാരണം വിശുദ്ധ ഖുര്‍ആന്‍റെ അവതരണമാണ്. സല്‍കര്‍മ്മങ്ങളിലൂടെ സഞ്ചരിച്ച് സര്‍വ്വവും സര്‍വ്വശക്തനില്‍ സമര്‍പ്പിച്ച് ഇലാഹിലേക്ക് അടുക്കാന്‍ റമളാന്‍ കാരണമാണെങ്കില്‍ ഒരു കൃത്യമായ ഇടവേളക്ക് ശേഷമാണ് പ്രവാചക ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വലിന്‍റെ ആഗമനം. ആറുമാസങ്ങള്‍. അതെ.. ഒരാള്‍ അല്ലാഹുവിനെ കുറിച്ചും അവന്‍റെ ആസ്തിക്യത്തെ സംബന്ധിച്ചും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു കൊണ്ട് മാത്രം ഇസ്ലാമിക ശരീഅത്തില്‍ പ്രവേശിക്കുകയില്ല. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും അവന്‍ സമ്മതിക്കണം.

        പ്രത്യേകമായ സംഭവങ്ങള്‍ നടന്ന ദിവസത്തെയും മാസത്തെയും മുസ്ലിംകള്‍ ആദരിക്കുന്നു. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠവും അതാണ്. മനുഷ്യന്‍ അജ്ഞതയിലും അന്ധകാരത്തിലും അകപ്പെട്ട് മൃഗതുല്യരായി ജീവിക്കുകയായിരുന്നു ആറാം നൂറ്റാണ്ടില്‍- ആ കാലത്തെ പറ്റി ചരിത്രകാരന്മാര്‍ പോലും പറയുന്നത് 'ഇരുണ്ട കാലം' (ഡാര്‍ക് ഏജ്) എന്നാണ് -മദ്യത്തിന്‍റെയും മദിരാക്ഷിയുടെയും മായാവലയത്തില്‍ പെട്ട് മനുഷ്യന്‍ മൃഗതുല്യനായി ജീവിക്കുന്ന മദ്ധ്യേ, പ്രവാചകന്‍ ഉദയം കൊള്ളുന്നു. ഭരണകര്‍ത്താവും രാഷ്ട്രതന്ത്രജ്ഞനുമായി മാറുന്നു. സത്യമാനും നീതിമാനുമാകുന്നു. സര്‍വ്വ ജനതയുടെയും പ്രശംസക്ക് വിധേയനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. 

    മുഹമ്മദ് നബി (സ്വ) തങ്ങള്‍ ഈ ലോകത്ത് ഉദയം ചെയ്തില്ലായിരുന്നെങ്കില്‍ ഇവിടെ ഒരു വസ്തുവിനെയും സൃഷ്ടിക്കുകയില്ലായിരുന്നു.ആ ഹബീബ് ജനിച്ച മാസത്തെ ഒരു വിശ്വാസി ബഹുമാനത്തോടെയേ കാണൂ. റമളാന്‍ ശരീഫിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുകയും റബീഇലൂടെ റസൂലുല്ലാഹിയിലുള്ള വിശ്വാസം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല. "ഒരുവന്‍ തന്‍റെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റു സര്‍വ്വത്തേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളും സത്യവിശ്വാസിയാകുകയില്ല" എന്ന് മുഹമ്മദ് നബി (സ്വ) പറയുന്നു. അല്ലാഹു പറയുന്നു:  "നബിയേ, തങ്ങള്‍ പറയുക. നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്". വീണ്ടും അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്". 

    നാം മറ്റൊരാളേക്കാളും പിന്‍പറ്റേണ്ടതും മാതൃകയാക്കേണ്ടതും അല്ലാഹുവിന്‍റെ ഹബീബിനെയാണ്. ഒരാളെ മാതൃകയാക്കാന്‍ എന്തെല്ലാം സല്‍ഗുണങ്ങള്‍ അയാളില്‍ ആവശ്യമുണ്ടോ അവയെല്ലാം മുത്ത് നബിയിലുണ്ട്. മാതൃക ആക്കപ്പെടേണ്ട വ്യക്തിയെ അറിയേണ്ടതും ആവശ്യമാണ്. എങ്കില്‍ മാത്രമേ ആ വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. ആ വ്യക്തിയെ ഉള്ളറിഞ്ഞ് സ്നേഹിക്കാന്‍ കഴിയൂ. മുഹമ്മദ് നബി (സ്വ) എന്ന പരമോന്നത വ്യക്തിയെയാണ്, വ്യക്തിത്വത്തെയാണ് സ്നേഹിക്കാനുള്ള കല്‍പന. സ്നേഹിക്കുക എന്നാല്‍ സ്നേഹിതന് വേണ്ടി എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയെയാണ് നബി (സ്വ) തങ്ങള്‍ പഠിപ്പിച്ചത്. നബി (സ്വ) യെ സ്നേഹിക്കുകയെന്നാല്‍ സ്നേഹിക്കുക എന്ന് തന്നെയാണ് സാരം. അനുസരിക്കുക എന്നല്ല. അനുസരണ സ്നേഹത്തിന്‍റെ ഫലമായും ഭയത്തിന്‍റെ ഫലമായും ഉണ്ടാകും. എന്നാല്‍ സ്നേഹത്തിന്‍റെ ഫലമായുണ്ടാകുന്ന അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ്വ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ്വ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് നമുക്കയാളെ സ്നേഹത്തോടെ അനുസരിക്കാന്‍ കഴിയുന്നത്. അനുസരണമാകട്ടെ വിശ്വസിക്കാതെയും ഉണ്ടാകാവുന്നതാണ്. ഒരാള്‍ തന്‍റെ വകുപ്പ് മേധാവിയുടെ കല്‍പന അനുസരിക്കുന്നത് അയാളോടുള്ള വിശ്വാസം കൊണ്ടാകണമെന്നില്ല. ഭയം കൊണ്ടും വെറുപ്പോടെയുമാകാം. ഇസ്ലാമിക സംസ്കാരം നബി (സ്വ) തങ്ങളെ അനുകരിക്കലാണ്. 

    കേരളീയ കവി ഉമര്‍ ഖാസി (റ) റൗളക്ക് മുമ്പില്‍ വെച്ച് പാടിയ ശ്രവണ സുന്ദരമായ സ്നേഹകാവ്യം റൗളയുടെ കവാടം തള്ളിത്തുറന്ന സംഭവം പ്രസിദ്ധമാണ്. പ്രവാചക സ്നേഹത്തിന്‍റെ ശക്തിയാണത്. പൂര്‍വ്വീകരായ മഹത്തുക്കള്‍ പ്രവാചക സ്നേഹത്തിന്‍റെ ആഴിയില്‍ മുങ്ങിയവരായിരുന്നു. ആ സ്നേഹസ്പര്‍ശനത്തിന് മുന്നില്‍ എല്ലാം അപ്രസക്തമാകുമായിരുന്നു. 

    യമന്‍ എന്ന രാജ്യം പ്രവാചക സ്നേഹികളുടെ പറുദീസയാണ്. പൂര്‍വ്വകാലത്ത് തന്നെ ഇസ്ലാമിന്‍റെ നറുനിലാവുദിച്ച നാട്. ഇസ്ലാമിക സംസ്കാരത്തിന്‍റെയും ചൈതന്യത്തിന്‍റെയും മടിത്തട്ടില്‍. അവിടെ 'ഖറന്‍' ദേശത്ത് താമസിക്കുന്ന 'ഉവൈസ്' പ്രവാചക സ്നേഹത്തില്‍ ആഴ്ന്നിറങ്ങിയ മഹാനാണ്. മദീനയില്‍ നിന്ന് ഏറെ അകലെയല്ലാത്ത യമനില്‍ നിന്ന് തിരുനബി (സ്വ) യുടെ സവിധത്തില്‍ എത്തിച്ചേരാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരിക്കല്‍ നബി (സ്വ) ഉമറി (റ) നെ വിളിച്ചിട്ട് പറഞ്ഞു: "ഉമര്‍! യമനിലെ 'ഖറന്‍' എന്ന ദേശത്ത് 'ഉവൈസ്' എന്ന ഒരു മനീഷിയുണ്ട്. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നാണയത്തിന്‍റെ വട്ടത്തില്‍ ഒരു കലയുണ്ട്. വൃദ്ധയായ മാതാവിനെ പരിചരിച്ചു കഴിയുന്ന അദ്ദേഹത്തിന്‍റെ ശിപാര്‍ശ കാരണമായി 'റബീഅ്', 'മുളര്‍' ഗോത്രക്കാരുടെ ആടുകളുടെ രോമത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കും. കണ്ടുമുട്ടുകയാണെങ്കില്‍ എന്‍റെ സമുദായത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുക.". ഇത് കേട്ടത് മുതല്‍ ഉമര്‍ (റ) അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരുന്നു. സുദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ യമനില്‍ ചെന്ന് കണ്ടുമുട്ടുകയും പരസ്പരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

    എപ്പോഴെങ്കിലും ഒരിക്കല്‍ തന്‍റെ സ്നേഹഭാജനത്തെ കണ്ടുമുട്ടും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അദ്ദേഹം. മക്കയില്‍ നിന്നും തഴുകിത്തലോടിയെത്തുന്ന മന്ദമാരുതനെ പോലും മുത്തി മണക്കാന്‍ ആ ഹൃദയം വെമ്പല്‍ കൊണ്ടിട്ടുണ്ടാകും. മദീന ഈത്തപ്പനയുടെ നാടാണെന്നറിഞ്ഞത് മുതല്‍ കാരക്ക കാണുമ്പോള്‍ മനസ്സ് ഓളം തല്ലും. ചിലപ്പോള്‍ ആ സ്നേഹം തന്നെ മദീനയിലേക്ക് കൊത്തിപ്പറക്കുന്നതായി തോന്നും. കാത്തിരിപ്പ് തുടരുകയാണ്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വൃദ്ധയായ മാതാവിന് രോഗവും കൂടിയായപ്പോള്‍ മാതാവിനെ തനിച്ചാക്കി മാറിനില്‍ക്കാന്‍ വയ്യ. വൃദ്ധമാതാവിന്‍റെ പരിചരണം തന്‍റെ കടമയാണെന്ന് നന്ദിയുള്ള ആ മകനറിയാം. 

    ആ പൂമുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും തന്‍റെ ഹബീബിന്‍റെ വിവരങ്ങളറിയാന്‍ മദീനയിലേക്കുള്ള വഴികളില്‍ കാത്തുനില്‍ക്കും. മദീനയില്‍ നിന്ന് വരുന്നവരെ ആവേശത്തോടെ സ്വീകരിക്കും. ഹബീബിനെ കണ്ട കണ്ണുകളെ നോക്കി സായൂജ്യമടയും. ഓ! കണ്ണുകളേ! നീ എത്ര ഭാഗ്യവാന്‍. എനിക്ക് ആ കണ്ണുകളാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മഗതം ചെയ്യും. സൂര്യാസ്തമയങ്ങള്‍ വീണ്ടും പലത് കഴിഞ്ഞു. ആ മുഖം നേരിട്ടൊന്ന് കാണാന്‍ കഴിയാത്തതില്‍ ഹൃദയം അസ്വസ്ഥമാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത തന്‍റെ ചെവികളില്‍ എത്തി. ഉഹ്ദ് യുദ്ധത്തില്‍ തന്‍റെ ഹബീബിന്‍റെ മുന്‍പല്ല് പൊട്ടിയിരിക്കുന്നു. മുഖത്ത് പരിക്ക് പറ്റിയിരിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം തന്‍റെ മുന്‍പല്ല് കുത്തിപ്പൊട്ടിച്ചു. മുഖത്ത് മുറിവേല്‍പ്പിച്ചു. ഇല്ല, ഈ മുഖം സുന്ദരമായിരിക്കുക.. ചിന്തിക്കാന്‍ പോലും വയ്യ. അദ്ദേഹത്തിന്‍റെ സ്നേഹം അതായിരുന്നു. പ്രതീക്ഷ കൈവെടിയാതെ കഴിയുമ്പോള്‍ ആ ദുഃഖവാര്‍ത്ത യമനിലുമെത്തി. ഉവൈസ് അത് കേട്ടു. തന്‍റെ ഹബീബ് വഫാത്തായിരിക്കുന്നു. അദ്ദേഹം പൊട്ടിക്കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ...

    ഒരിക്കല്‍ ഉവൈസുല്‍ ഖര്‍നി (റ) ഹജ്ജിനായി മക്കയിലെത്തി. മദീനയില്‍ നബി (സ്വ) തങ്ങളെ സിയാറത്ത് ചെയ്യാന്‍ കൊതിച്ചു. റൗളയുടെ പരിസരത്ത് എത്തി. തങ്ങളുടെ പരിശുദ്ധമായ റൗള കാണേണ്ട താമസം മോഹാലസ്യപ്പെട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ ആദ്ദേഹം കൂടി നിന്നവരോട് പറഞ്ഞു. ഇല്ല. എനിക്കിവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല. എന്‍റെ പ്രിയ ഹബീബ് വഫാത്തായി കിടക്കുന്ന ഈ മണ്ണില്‍ എനിക്ക് നില്‍ക്കാനാവില്ല. ഈ സ്നേഹത്തെ എങ്ങനെയാണ് അളക്കാന്‍ സാധിക്കുക. പ്രവാചകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.. അവിടുത്തെ ശഫാഅത്ത് ലഭിക്കുന്നവരില്‍ പെടുത്തുകയും ചെയ്യട്ടെ.. ആമീന്‍. 

                                                                -ഹിദായത്തുല്ലാ ബാഖവി, കാരിക്കോട്-

No comments:

Post a Comment